ഷിംല്ലോഗ്: വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ അടിസ്ഥാന വികസനരംഗത്ത് വിപ്ലവത്തിന് വഴി തുറന്ന് കേന്ദ്രസര്‍ക്കാര്‍. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ മേഖലയില്‍ 90,000 കോടി രൂപ റോഡ് നിര്‍മ്മാണത്തിനായി ചിലവിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. 

അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ സ്‌പെഷ്യല്‍ ആക്‌സലറേറ്റഡ് റോഡ് ഡെവലപ്‌മെന്റ പ്രൊജക്ട് പ്രകാരം 60,000 കോടി രൂപയും, ഭാരത് മാല പദ്ധതി വഴി 30,000 കോടി രൂപയുടേയും നിക്ഷേപം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റോഡ് നിര്‍മ്മാണത്തിനും നവീകരണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കും.... മേഘാലയയില്‍ ബിജെപിയുടെ റാലിയില്‍ പങ്കെടുത്തു സംസാരിക്കവെ മോദി പറഞ്ഞു. 

പശ്ചിമ മേഘാലയയിലെ ടുറയെ തലസ്ഥാനമായ ഷില്ലോംഗുമായി ബന്ധിപ്പിക്കുന്ന 271 കി.മീ നീളമുള്ള ദേശീയപാതയുടെ ഉദ്ഘാടനം നിര്‍വഹിക്കാനായി മേഘാലയയില്‍ എത്തിയതായിരുന്നു മോദി. മേഘാലയയില്‍ എത്തും മുന്‍പ് മിസോറാമിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. ബിജെപി സര്‍ക്കാരിന്റെ കിഴക്കിനോട് അടുക്കുക നയത്തിലൂടെ വൈകാതെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ഗേറ്റ് വേയായി മിസോറാം മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

മോശം ഗതാഗതസംവിധാനമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥയ്്ക്ക് കാരണമെന്ന് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മേഖലയില്‍ 3800 കി.മീ ദേശീയപാത നിര്‍മ്മിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 32,000 കോടി ചിലവിട്ട കാര്യം ചൂണ്ടിക്കാട്ടി. ഇതില്‍ 1200 കി.മീ റോഡിന്റെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.