രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് പോസിറ്റീവില്‍ നിന്നും സുസ്ഥിരം എന്ന നിലയിലേക്കാണ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയത്. ഇതിന് ആധാരമായി ചൂണ്ടിക്കാട്ടുന്നതാവട്ടെ ചരക്ക് സേവന നികുതി ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്കാരങ്ങളും. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തുന്നത്.

നോട്ട് നിരോധനവും ജിഎസ്ടിയും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് ആശ്വാസമാണ് ഈ നേട്ടം. നേരത്തെ ഏറ്റവും അവസാനത്തെ റേറ്റിങ്ങായ ബിഎഎ3 വിഭാഗത്തിലായിരുന്നു നേരത്തെ ഇന്ത്യ. ഇവിടെ നിന്ന് ഒരു സ്ഥാനം മുകളിലേക്ക് ഉയര്‍ന്ന് ബിഎഎ 2ലാണ് ഇപ്പോള്‍ എത്തിയത്. ഇറ്റലി, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളും ഇപ്പോള്‍ ഇന്ത്യക്കൊപ്പമാണ്. ചരക്ക് സേവന നികുതി നടപ്പാക്കിയത് രാജ്യത്ത് ഉത്പ്പാദനക്ഷമത കൂട്ടുവാന്‍ ഇടയാക്കുമെന്നാണ് മൂഡീസിന്റെ വിലയിരുത്തല്‍. രാജ്യത്തെ ധനനയങ്ങളിലെ മാറ്റവും ബാങ്കുകളിലെ കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടികളും റേറ്റിങ് വര്‍ദ്ധിക്കാന്‍ ഇടയാക്കി.