109 കോടിയിലധികം ബാങ്ക് അക്കൗണ്ടുകളാണ് രാജ്യത്തുള്ളത്.

ദില്ലി: ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ കണക്ഷനുകളും ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം ഈ മാസം 31ഓടെ അവസാനിക്കുകയാണ്. ഇതിനോടകം തന്നെ രാജ്യത്തെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ 80 ശതമാനവും ആധാറുമായി ബന്ധിപ്പിക്കപ്പെട്ടതായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 109 കോടിയിലധികം ബാങ്ക് അക്കൗണ്ടുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 87 കോടിയിലേറെ അക്കൗണ്ടുടമകളും ആധാര്‍ ബന്ധിപ്പിച്ചു.

നിലവില്‍ ബാങ്ക് ശാഖകള്‍ വഴിയും, എ.ടി.എം, നെറ്റ്ബാങ്കിങ്, എസ്.എം.എസ് വഴിയുമൊക്കെ ആധാറുമായി അക്കൗണ്ടുകളെ ബന്ധിപ്പിക്കാനുള്ള സൗകര്യം ബാങ്കുകള്‍ ഒരുക്കുന്നുണ്ട്. മാര്‍ച്ച് 31ന് ശേഷം ആധാര്‍ ബന്ധിതമല്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ വഴി ഇടപാടുകള്‍ സാധ്യമാവുകയില്ല. രാജ്യത്തെ ആകെ മൊബൈല്‍ കണക്ഷനുകളില്‍ 60 ശതമാനവും ഇതിനോടകം തന്നെ ആധാറുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്.