ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ജനങ്ങളില്‍നിന്നും പ്രതികരണം ശേഖരിച്ചുവരികയാണെന്നും മോദി പറഞ്ഞു. അതേസമയം വാണിജ്യ ലോകത്ത് ജി.എസ്.ടിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുകയാണ്.

ഗാന്ധിനഗറില്‍ നടന്ന ഗുജറാത്ത് ഗൗരവ് യാത്രയുടെ സമാപന സമ്മേളനത്തിലാണ് ചരക്കുസേവന നികുതി, നോട്ടുനിരോധനം എന്നീ പരിഷ്കരണങ്ങള്‍ രാജ്യത്തിന് അനിവാര്യമായിരുന്നുവെന്ന് മോദി വ്യക്തമാക്കിയത്. ജി.എസ്.ടി മൂലം വ്യാപാരികള്‍ക്കുണ്ടായ പ്രശ്നങ്ങള്‍ താല്‍കാലികമാണെന്നു പറഞ്ഞ മോദി വാണിജ്യലോകം തനിക്കൊപ്പമാണെന്നും വ്യക്തമാക്കി. ജനങ്ങളില്‍നിന്നും ചരക്ക് സേവനനികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ ശേഖരിച്ചുവരികയാണ്. ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി ജി.എസ്.ടി കൗണ്‍സില്‍ കഠിന പരിശ്രമം നടത്തിവരികയാണെന്നും മോദി വ്യക്തമാക്കി.

ചരക്ക് സേവന നികുതിയെന്ന ആശയം കോണ്‍ഗ്രസിന്റെ കൂടിയായിരുന്നെന്നും മോദി ഓര്‍മ്മിപ്പിച്ചു. നോട്ട് നിരോധിച്ച നവംബര്‍ 18 കരിദിനമായി ആചരിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ഈ ദിവസം കള്ളപ്പണ വിരുദ്ധദിനമാണെന്നും മോദി വ്യക്തമാക്കി. നോട്ട്നിരോധനത്തിലൂടെ രാജ്യത്ത് കള്ളപ്പണത്തിനെതിരായ പോരാട്ടം ശക്തമാക്കാനായെന്നാവര്‍ത്തിച്ച മോദി 2,10,000 വ്യാജകമ്പനികളെ പൂട്ടിക്കാനായെന്നും വ്യക്തമാക്കി. ഉറവിടം വ്യക്തമല്ലത്ത മൂന്ന് ലക്ഷം കോടിയോളം രൂപയുടെ മേല്‍ അന്വേഷണം നടന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.