പാപ്പരത്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് രാഷ്‌ട്രപതിയുടെ അംഗീകാരം നല്‍കിയതോടെ ബാങ്കുകളിലെ വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഇനി ആസ്തികള്‍ വിറ്റ് രക്ഷപ്പെടാന്‍ കഴിയില്ല. നിയമം ലംഘിക്കുന്നവരില്‍ നിന്ന് ഇനി മുതല്‍ രണ്ട് കോടി രൂപ വരെ പിഴ ഈടാക്കും.
കിട്ടാക്കടം തിരിച്ച് പിടിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനം. ബാങ്കുകളിലെ വായ്പ തിരിച്ചടവില്‍ മനപൂര്‍വം വീഴ്ച വരുത്തുന്നവര്‍ ആസ്തികള്‍ വിറ്റ് രക്ഷപ്പെടുന്നത് തടയാനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പാപ്പരത്ത നിയമ ഭേദഗതിയില്‍ രാഷ്‌ട്രപതി ഒപ്പുവച്ചത്. 2016ലെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡ് ഭേദഗതി ചെയ്യാനുള്ള ഓര്‍ഡിനന്‍സിലാണ് രാഷ്‌ട്രപതി ഒപ്പുവച്ചത്. വന്‍കിടക്കാരും കോര്‍പ്പറേറ്റുകളും ബാങ്കുകളില്‍ നിന്നെടുത്തുന്ന വന്‍തുകയുടെ വായ്പകള്‍ തിരിച്ചടയ്‌ക്കാതെ മുങ്ങുന്ന സാഹചര്യത്തിലാണ് പാപ്പരത്ത നിയമം സര്‍ക്കാര്‍ കര്‍ശനമാക്കുന്നത്.
ഭേദഗതി അനുസരിച്ച് നിഷ്ക്രിയ ആസ്തി വരുത്തിയ കമ്പനികള്‍, വ്യക്തികള്‍ എന്നിവര്‍ കടംവീട്ടാതെ ആസ്തികളുടെ ലേലത്തിന് ഒരുങ്ങിയാല്‍ സര്‍ക്കാരിന് തടയാനാകും. വിജയ് മല്യ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വായ്പ തിരിച്ചടക്കാതെ ആസ്തികള്‍ വിറ്റ് വിദേശത്തേക്ക് മുങ്ങിയ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് നിയമ ഭേദഗതി. ഇത്തരക്കാര്‍ സര്‍ക്കാര്‍ വിലക്ക് മറികടന്നും ആസ്തികള്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍ ഇവരില്‍ നിന്ന് ഒരു ലക്ഷം മുതല്‍ രണ്ട് കോടി വരെ സര്‍ക്കാരിന് പിഴയായി ഈടാക്കാം. കഴിഞ്ഞ ജൂണിലെ കണക്ക് അനുസരിച്ച് എട്ട് ലക്ഷം കോടി രൂപയോളമാണ് വന്‍കിടക്കാര്‍ വരുത്തിയിരിക്കുന്ന കിട്ടാക്കടം.
