ദില്ലി: പൊതു ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദേശങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍വരും. സേവന നികുതിക്കു പുറമേ കൃഷി കല്യാണ്‍ സെസ് കൂടി ഇന്നു മുതല്‍ നല്‍കേണ്ടിവരും. ബാങ്കിങ്, മൊബൈല്‍, ഇന്‍ഷ്വറന്‍സ് മേഖലകളെ ബാധിക്കുന്നതാണു പുതിയ നികുതി നിര്‍ദേശം.
കാര്‍ഷിക മേഖലയില്‍ പുനരുജ്ജീവന പദ്ധതികള്‍ നടപ്പാക്കുന്നതിനും കര്‍ഷക ക്ഷേമത്തിനും പണം കണ്ടെത്തുന്നതിനാണു കൃഷി കല്യാണ്‍ സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ സേവന നികുതി ഏര്‍പ്പെടുത്തുന്ന എല്ലാ മേഖലയിലും പുതിയ നികുതി ബാധകമാകും. ഇതോടെ ജീവിതച്ചെലവു കൂടും.
ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍നിന്നു ലഭിക്കുന്ന ധന സംബന്ധമായ സേവനങ്ങള്‍ക്ക് അധിക ഫീസ് നല്‍കണം. എയര്‍കണ്ടീഷന്‍ ചെയ്ത ഹോട്ടലുകളില്‍നിന്നു ഭക്ഷണം കഴിക്കുന്നതിനും ട്രെയിന്‍, വിമാന യാത്രകള്‍ക്കും ചെലവേറും. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ടെലികോം സേവനങ്ങള്‍ക്കുള്ള വിലയും വര്‍ധിക്കും.
ഓഹരി ഇടപാടുകള്‍ക്കും ബ്യൂട്ടി പാര്‍ലര്‍, ഡ്രൈ ക്ലീനിങ് സേവനത്തിനും ചെലവു കൂടും. പത്തു ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് ഇനി മുതല്‍ ഒരു ശതമാനം ആഢംബര നികുതിയും നല്‍കണം. കാറുകളുടെ എക്സ്ഷോറൂം വിലയ്ക്കൊപ്പമായിരിക്കും നികുതി ഏര്‍പ്പെടുത്തുക.
നേരത്തെ 12.36 ശതമാനമായിരുന്ന സേവന നികുതി 2015ലാണു 14 ശതമാനമായി ഉയര്‍ത്തിത്. കഴിഞ്ഞ നവംബറില്‍ ഏര്‍പ്പെടുത്തിയ സ്വച്ഛ് ഭാരത് സെസിനു പുറമേ കൃഷി കല്യാണ്‍ സെസ് കൂടി ചേരുന്നതോടെ നികുതി ബാധ്യത 15 ശതമാനമായി ഉയര്‍ന്നു.
