
ഫോക്സ്‌വാഗൺ പുത്തൻ തലമുറ പസാറ്റിനെ ഇന്ത്യയിലെത്തിക്കുന്നു. അടുത്ത വർഷം ആദ്യം പസാറ്റിന്റെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2007-ൽ വിപണിയിലെത്തിയ പസാറ്റിന്റെ ആറാം തലമുറക്കാരനാണ് പുറത്തിറങ്ങാനിരിക്കുന്നത്. കുറച്ചുക്കാലമായി വലിയ മാറ്റങ്ങളുന്നുമില്ലാതെ വിപണിയിൽ തുടരുന്ന മോഡലാണിത്. വിപണിപ്രവേശനത്തിന് മുന്നോടിയായി പസാറ്റിന്റെ ഇന്ത്യൻ നിരത്തിലെ പരീക്ഷണയോട്ടം നടന്നു.

പുതിയ ബംബറും ഗ്രില്ലും 19 ഇഞ്ച് അലോയ് വീലുകളും ഉൾപ്പെടുത്തി സ്പോർടി ലുക്ക് കൈവരിച്ചാണ് പുതിയ പസാറ്റ് എത്തുക. ഡെ ടൈം റണ്ണിംഗ് ലാമ്പോടുകൂടിയ എൽഇഡി ഹെഡ്‌ലൈറ്റ്, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മികച്ച സ്ഥല സൗകര്യം എന്നിവയാണ് മറ്റ് സവിശേഷതകൾ. ഇന്ത്യയിൽ സ്കോഡ സൂപ്പർബ്, ടൊയോട്ട കാമറി എന്നീ കാറുകളായിരിക്കും പുത്തന്‍ പസാറ്റിന്റെ എതിരാളികള്‍.

ആഗോളതലത്തിൽ പെട്രോൾ, ഡീസൽ വകഭേദങ്ങളിലാണ് പസാറ്റ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. എന്നാൽ പെട്രോൾ വകഭേദത്തെ മാത്രമായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക. 170ബിഎച്ച്പിയും 249എൻഎം ടോർക്കും നൽകുന്ന 1.8ലിറ്റർ ടിഎസ്ഐ പെട്രോൾ എൻജിന്‍ പുതിയ പസാറ്റിന് കരുത്തു പകരും.

7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഈ വാഹനത്തിന്റെ ഭാഗമാണ്. ഇക്കഴിഞ്ഞ ദില്ലി എക്സ്പോയിൽ പസാറ്റിന്റെ ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ചിരുന്നു. ഈ പതിപ്പിനൊപ്പം പസാറ്റിന്റെ ഡീസൽ വേരിയന്റിനെകൂടി ഉൾപ്പെടുത്തി പിന്നീട് അവതിരിപ്പിക്കും.

