Asianet News MalayalamAsianet News Malayalam

പുതുവര്‍ഷം; പോലീസ് കാവലില്‍ കൊച്ചി, ബിവറേജ് ഔട്ട്‌ലെറ്റുകള്‍ ഏഴ് മണിക്ക് അടയ്ക്കും

new year celebration in kerala
Author
First Published Dec 31, 2017, 7:11 AM IST

കൊച്ചി: ആഹ്‌ളാദാരവത്തോടെ പുതു വര്‍ഷത്തെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് ഫോര്‍ട്ട് കൊച്ചി. ആട്ടവും പാട്ടും കലാപരിപാടികളുമായി സഞ്ചാരികളെ സ്വീകരിക്കുന്ന കൊച്ചി കാര്‍ണിവലിനായി കമാനങ്ങളും തോരണങ്ങളും ഉയര്‍ന്നു കഴിഞ്ഞു. 34 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ നിന്ന് കാര്‍ണിവല്‍ മാറ്റിയെങ്കിലും ആഘോഷം പൊടിപൊടിക്കാന്‍ തന്നെയാണ് കൊച്ചിക്കാരുടെ തീരുമാനം.പുതുവര്‍ഷപുലരിയില്‍ ഭീമന്‍ പാപ്പാഞ്ഞി തീയില്‍ അമരുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

ആഘോഷങ്ങള്‍ അതിര് വിടാതിരിക്കാന്‍ പോലീസിന്റെ കനത്ത കാവലും  കൊച്ചി കാര്‍ണിവലിന് ഉണ്ടാകും.രാവിലെ 9 മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാഹന ഗതാഗതം നിയന്ത്രിക്കും. വൈകീട്ട് നാലിന് ശേഷം സ്വകാര്യ വാഹനങ്ങള്‍ക്ക് വെളി ഗ്രൗണ്ടിനപ്പുറത്തേക്ക് പ്രവേശനമുണ്ടാകില്ല. ഏഴ് മണിക്ക് ശേഷം ബിവേറജ് ഔട്ട്‌ലെറ്റുകളും 9 മണിക്ക് ശേഷം ബിയര്‍-വൈന്‍ പാര്‍ലറടക്കമുള്ള ബാറുകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. 

പാപ്പാഞ്ഞിയെ കത്തിക്കുന്നത് പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റിയെങ്കിലും ബീച്ചിലും കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.രാത്രി ബീച്ചിലേക്കിറങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.അടിയന്തര ഘട്ടങ്ങളെ നേരിടാന്‍ ഫയര്‍ഫോഴ്‌സിന്റെയും ആംബുലന്‍സിന്റെയും സേവനങ്ങളും ഉണ്ടാകും. വിദേശികള്‍ക്ക് ആഘോഷങ്ങള്‍ കാണാന്‍ പ്രത്യേക ബാരിക്കേടൊരുക്കും. ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് ശേഷം വന്‍ജനക്കൂട്ടം ഫോര്‍ട്ട്‌കൊച്ചിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ 600ഓളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios