ജിഎസ്ടി നടപ്പിലാകുന്നതോടെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് വാണിജ്യ നികുതി വകുപ്പ് ചെക്പോസ്റ്റുകള്‍. സാങ്കേതികമായി ചെക്പോസ്റ്റുകള്‍ ഇല്ലാതാകുമെങ്കിലും, ചരക്ക് ഡിക്ലറേഷന്‍ സ്വീകരണ കേന്ദ്രങ്ങളായി ചെക്പോസ്റ്റുകള്‍ തുടരാനാണ് നിലവിലെ തീരുമാനം.

ജിഎസ്ടി പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലാകുന്നതോടെ കേരളപ്പിറവിയോളം പഴക്കമുള്ള വാളയാര്‍ അടക്കമുള്ള വാണിജ്യ നികുതി വകുപ്പ് ചെക്പോസ്റ്റുകള്‍ ചിത്രത്തില്‍ ഇല്ലാതാകും. എന്നാല്‍ ഇ-വേ ബില്‍ ഫോമുകളില്‍ രേഖപ്പെടുത്തിയ ചരക്കുകള്‍, അതേ അളവില്‍ തന്നെയാണോ കൊണ്ടു പോകുന്നതെന്ന് പരിശോധനക്കാന്‍ ആദ്യത്തെ ആറു മാസക്കാലം ചെക്പോസ്റ്റുകളെ നിലനിര്‍ത്താനാണ് തീരുമാനം. ഡിക്ലറേഷന്‍ ഫോമുകളുടെ പകര്‍പ്പ് സ്വീകരിക്കല്‍ മാത്രമാകും ഇവിടങ്ങളിലെ നടപടി.

ഇ-വേ ബില്ലുകള്‍ പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലാകുന്നതിനനുസരിച്ച് ചെക്പോസ്റ്റ് സംവിധാനം ഉടച്ച് വാര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് സൂചനകള്‍. ജിഎസ്‍ടി നടപ്പിലാകുന്നതോടെ വാണിജ്യ നികുതി ചെക്പോസ്റ്റുകള്‍ ഇല്ലാതാകമെങ്കിലും, മോട്ടോര്‍ വാഹന വകുപ്പ്, എക്‌സൈസ്, വനം, മൃഗ സംരക്ഷണവകുപ്പ് ചെക്പോസ്റ്റകള്‍ തുടരും. പല ചെക്പോസ്റ്റുകളിലെയും ഗതാഗത കുരുക്കും, അഴിമതിയും കുറക്കാന്‍ ജിഎസ്‍ടി നടപ്പിലാകുന്നതോടെ കഴിയുമെന്നാണ് പ്രതീക്ഷ.