കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിതല സമിതി യോഗത്തിലാണ് സെലിബ്രിറ്റികളെ ജയിലിലടയ്‌ക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇത്തരം ശിക്ഷകള്‍ നിലവില്‍ മറ്റൊരു രാജ്യത്തും ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വന്‍ തുക പിഴ ഈടാക്കുന്നത് പോലുള്ള നടപടികള്‍ മാത്രം മതിയെന്ന് തീരുമാനിച്ചത്. പകരം ആദ്യത്തെ തവണ 10 ലക്ഷം രൂപ പിഴ ഈടാക്കുകയും ഒരു വര്‍ഷത്തേക്ക് പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വിലക്കുകയും ചെയ്യും. രണ്ടാമതും ഇത്തരത്തിലുള്ള പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ 50 ലക്ഷം പിഴയും മൂന്ന് വര്‍ഷം വിലക്കും ശിക്ഷയായി നല്‍കും. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗങ്ങളായ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ഐ.ടി മന്ത്രി രവി ശങ്കര്‍ പ്രസാദ്, ആരോഗ്യ മന്ത്രി ജെ.പി നദ്ദ, വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമന്‍, ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയല്‍, ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന്‍ എന്നിവരാണ് പങ്കെടുത്തത്.

ഇപ്പോള്‍ രാജ്യത്ത് പ്രബല്യത്തിലുള്ള 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് പകരം പുതിയ നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്, തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍, സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനയിലാണിപ്പോള്‍.