ദില്ലി: കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 2000 രൂപാ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെ വിശദീകരണവുമായി കേന്ദ്ര ധനകാര്യ സഹമന്ത്രി രംഗത്തെത്തി. പുതിയ 200 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും 2000 രൂപ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനങ്ങളൊന്നും ഇല്ലെന്നുമായിരുന്നു മന്ത്രി മന്ത്രി സന്തേഷ് കുമാര്‍ ഗങ്‍‍വാര്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിശദീകരിച്ചത്.

വിപണിയില്‍ 2000 രൂപാ നോട്ടുകളുടെ കുറവ് വന്നിട്ടുണ്ടെങ്കില്‍ അത് മറ്റൊരു വിഷയമാണ്. എന്നാല്‍ നോട്ടിന്റെ അച്ചടി കുറച്ചോ അല്ലെങ്കില്‍ അവസാനിപ്പിച്ചോ എന്നുള്ള കാര്യങ്ങള്‍ റിസര്‍വ് ബാങ്കാണ് വിശദീകരിക്കേണ്ടത്. നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ച് തീരുമാനങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 2000 രൂപാ നോട്ടുകള്‍ സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കുമെന്ന വാര്‍ത്തകളില്‍ സത്യമുണ്ടോയെന്ന് പാര്‍ലമെന്റില്‍ കഴിഞ്ഞയാഴ്ച പ്രതിപക്ഷം ചോദ്യമുന്നയിച്ചിരുന്നു. ഇതിന് മറുപടി പറയാന്‍ തയ്യാറാവാതിരുന്ന ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി, പ്രതിപക്ഷത്ത് നിന്ന്നിരവധി അംഗങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതികരിച്ചില്ല. ഇതോടെയാണ് നോട്ട് നിരോധനം വീണ്ടും വരുന്നെന്ന ആശങ്കകള്‍ ശക്തമായത്. 

എന്നാല്‍ പ്രാബല്യത്തില്‍ തുടരുമ്പോള്‍ തന്നെ 2000 രൂപാ നോട്ടുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. പുതുതായി പുറത്തിറക്കാന്‍ പോകുന്ന 200 രൂപാ നോട്ടുകള്‍ വ്യാപകമാക്കാനാവും നീക്കം. നിലവില്‍ 500 രൂപ കഴിഞ്ഞാല്‍ 2000 രൂപ മാത്രമേയുള്ളൂവെന്ന വിടവ് നികത്താന്‍ 200 രൂപാ നോട്ടുകള്‍ക്ക് കഴിയുമെന്നാണ് കരുതുന്നത്. ഓഗസ്റ്റില്‍ തന്നെ പുതിയ നോട്ടുകള്‍ ജനങ്ങള്‍ക്ക് ബാങ്കുകള്‍ വഴി ലഭ്യമാകുമെന്ന് ധനകാര്യ മന്ത്രാലയത്തില്‍ മുതിര്‍ന്ന ഉദ്ദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍ എ.ടി.എം വഴി ഇപ്പോള്‍ 200 രൂപാ നോട്ടുകള്‍ ലഭ്യമാകില്ല. പുതിയ നോട്ടുകള്‍ക്ക് അനുസൃതമായി മെഷീനുകള്‍ പുനഃക്രമീകരിച്ചതിന് ശേഷമേ അതുവഴി നോട്ടുകള്‍ ലഭ്യമാക്കാന്‍ കഴിയൂ.