ചരക്ക് സേവന നികുതി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്കുണ്ടാകുന്ന നികുതി ചോര്‍ച്ച തടയാനാണ് കേന്ദ്രസര്‍ക്കാര്‍ 14 ശതമാനം വാര്‍ഷിക നികുതി വരുമാന വര്‍ദ്ധനവ് അടിസ്ഥാനമാക്കി നഷ്‌ടപരിഹാരത്തുക കണക്കാക്കുന്നത്. നഷ്‌ടപരിഹാരം നല്‍കാന്‍ ആഡംബര വസ്തുക്കള്‍ക്കുള്ള നികുതിയായ 26 ശതമാനത്തിന് മുകളില്‍ സെസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തെയാണ് സംസ്ഥാനങ്ങള്‍ എതിര്‍ത്തത്. കോര്‍പ്പറേറ്റ് നികുതി, കസ്റ്റംസ് തീരുവ എന്നിവയടക്കമുള്ളവയില്‍ വര്‍ദ്ധന വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുള്ളപ്പോള്‍ സെസ് ഏര്‍പ്പെടുത്തുന്നതിനോടാണ് വിയോജിപ്പ്. 48 ശതമാനം നികുതിയുള്ള ആഡംബരക്കാറുകളുടെ നികുതി 26 ശതമാനമായി കുറയ്‌ക്കുന്നത് സമ്പന്നരെ സഹായിക്കാനും അവശ്യ വസ്തുക്കളുടെ അഞ്ച് ശതമാനം നികുതി ആറ് ആക്കുന്നത് പാവപ്പെട്ടവരെ പിഴിയാനുമാണെന്നുമാണ് കേരളത്തിന്റെ നിലപാട്.

20 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരുമാനമുള്ളവരെ ജിഎസ്‍ടിയില്‍ നിന്ന് ഒഴിവാക്കിയതോടെ നാലിലൊന്ന് നികുതിദായകര്‍ പരിധിക്ക് പുറത്തായി. കേന്ദ്രസര്‍ക്കാരിന് ഒന്നരലക്ഷം പുതിയ നികുതിദായകരെ കിട്ടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ 50 ലക്ഷത്തിനും ഒന്നര കോടിക്കും ഇടയില്‍ വാര്‍ഷിക വിറ്റുവരുമാനമുള്ളവരുടെ സേവന നികുതി കേന്ദ്രസര്‍ക്കാര്‍ പിരിക്കാനുള്ള നീക്കത്തേയും കേരളം എതിര്‍ത്തു. ഇതോടെ നവംബര്‍ 22നകം സമാവയത്തിലെത്താനും പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ജി.എസ്.ടി പാസാക്കാനുമള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായി. അഭിപ്രായ ഐക്യത്തിന് അടുത്തമാസം മൂന്ന്, നാല് തീയതികളിലും ഒന്‍പത്, പത്ത് തീയതികളിലും ജിഎസ്‍ടി കൗണ്‍സില്‍ യോഗം ചേരും.