പൊതുമേഖലാ എണ്ണക്കമ്പനികളുടെ പാചക വാതക കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ ആധാര്‍ വിവരങ്ങള്‍ ഉടന്‍ നല്‍കിയില്ലെങ്കില്‍ ഇനി റീഫില്‍ സിലിണ്ടര്‍ ലഭിക്കില്ല. അല്ലെങ്കില്‍ സബ്സിഡി വേണ്ടെന്നു വെയ്‌ക്കാന്‍ സമ്മതമാണെന്ന് അറിയിക്കുന്ന പ്രത്യേക ഫോറം പൂരിപ്പിച്ച് നല്‍കണം. ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ റീഫില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഏജന്‍സിയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്ന എസ്.എം.എസ് സന്ദേശമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നീ പൊതുമേഖലാ കമ്പനികളാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇതുവരെ ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ ഏജന്‍സിയില്‍ ചെന്ന് കെ.വൈ.സി ഫോറം പൂരിപ്പിച്ച് നല്‍കണം. ഇതില്‍ ആധാര്‍ നമ്പറും ഉള്‍പ്പെടുത്തണം. ആധാര്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറല്ലെങ്കില്‍ സബ്സിഡി ആവശ്യമില്ലെന്ന് അറിയിക്കുന്ന ഫോറം പൂരിപ്പിക്കണം.