കറന്‍സി ക്ഷാമം മറികടക്കാന്‍ ബദല്‍ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനം ദിവസം തോറും ബാങ്കുകളിലേക്ക് നല്‍കുന്ന രീതി നിര്‍ത്തി ട്രഷറികളില്‍ അടക്കാന്‍ ധനവകുപ്പ് നിര്‍ദ്ദേശം നല്‍കി.

വിഷു എത്തി. ശമ്പളത്തിന് പുറമെ പെന്‍ഷനും സാമൂഹ്യപെന്‍ഷനും കുടിശ്ശികയുമെല്ലാം കൊടുക്കണം. ഒരാഴ്ചയായി ട്രഷറികളില്‍ ആവശ്യത്തിനുള്ള കറന്‍സി എത്തുന്നില്ല. ആവശ്യത്തിന് കറന്‍സി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര സര്‍ക്കാറിന് കത്തയച്ചിട്ടും അനുകൂല നടപടിയുമില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ബദല്‍ നടപടികളിലേക്ക് നീങ്ങിയത്. ട്രഷറികളിലേക്ക് പരമാവധി കറന്‍സി എത്തിക്കാനാണ് ശ്രമം. ബെവ്കോ, ലോട്ടറി അടക്കമുള്ളു പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനം ദിവസം തോറും ട്രഷറികളിലേക്ക് അടക്കാനാണ് ധനവകുപ്പ് നിര്‍ദ്ദേശം. നിലവില്‍ ലോട്ടറി വരുമാനം ഏജന്‍റുമാര്‍ ബാങ്കുകളിലേക്കാണ് അടക്കുന്നത്. ബെവ്കോയുടെ ദിവസ വരുമാനം നല്‍കുന്നത് ബാങ്കുകളില്‍ തന്നെ. പുതിയ നിര്‍ദേശം വഴി പ്രതിദിനം 60 കോടിയുടെ കറന്‍സി ട്രഷറികളിലെത്തുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. പക്ഷെ ഔട്ട് ലെറ്റുകള്‍ പൂട്ടിയത് കാരണം ബെവ്കോ വഴിയുള്ള പ്രതിദിന വരുമാനത്തില്‍ കുറവുണ്ട്. കേരളത്തിന് ആര്‍ബിഐ നല്‍കേണ്ട കറന്‍സി വിഹിതത്തില്‍ 25 ശതമാനമാണ് കുറവുണ്ടായത്. സ്ഥിതി ഗതികള്‍ കേന്ദ്രത്തെ വീണ്ടും ബോധ്യപ്പെടുത്താനും ധനമന്ത്രിയുടെ ധനവകുപ്പ് സെക്രട്ടറിയും പങ്കെടുത്ത് യോഗത്തില്‍ തീരുമാനമായി.