നോട്ട് പിന്‍വലിക്കൽ മൂലം അടുത്ത മാസം മുതൽ സംസ്ഥാന ഖജനാവിന് കാര്യമായ വരുമാന നഷ്ടമുണ്ടാകും. മുപ്പത് ശതമാനത്തോളം വരുമാനക്കുറവെന്ന ഏകദേശ കണക്കാണ് പറയുന്നതെങ്കിലും കൃത്യമായ വരുമാന നഷ്‍ടം ധനകാര്യവകുപ്പ് തിട്ടപ്പെടുത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേതുള്ളപ്പെടെ ശന്പളവും പെന്‍ഷനും മാറിയിടുക്കാൻ നിയന്ത്രണമുള്ളതിനിലാൽ വിപണി കൂടുതൽ മാന്ദ്യത്തിലാകും.


ഒക്ടോബര്‍ വരെ ഒമ്പതു ശതമാനം വളര്‍ച്ചയാണ് മുന്‍ വര്‍ഷത്തെക്കാള്‍ വാണിജ്യ നികുതിയിലുണ്ടായത്. സെപ്തംബറിലെ ഇടപാടുകളിലൂടെ 17 ശതമാനം വളര്‍ച്ച ഒക്ടോബറിലുണ്ടായി. ഒക്ടോബറിലെ വാണിജ്യ നികുതി വരുമാനം ഈ മാസമാണ് ഖജനാവിലെത്തുന്നത്. 15 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് കണക്കൂ കൂട്ടൽ. അതിനാൽ നോട്ട് പിന്‍വലിക്കൽ നടപ്പായ മാസത്തിലും വലിയ കുഴപ്പമില്ല. പക്ഷേ നോട്ട് പിന്‍വലിക്കലിനു ശേഷം കച്ചവടം കുത്തനെ ഇടിഞ്ഞു. ഡിസംബറിൽ വാണിജ്യ നികുതി വരുമാനത്തിൽ കാര്യമായ കുറവുണ്ടാകും. ഈ സാന്പത്തിക വര്‍ഷമാകെ ഇതു തുടരുകയും ചെയ്യും. വിൽപന നികുതി ഇനത്തിൽ ബജറ്റ് പ്രതീക്ഷിച്ച 37,452 കോടി  പ്രതീക്ഷ മാത്രമാകും. റജിസ്ട്രേഷന്‍ ഇനത്തിൽ നടപ്പു മാസം 30 കോടിയുടെ കുറവുണ്ടായെന്നാണ് കണക്ക്. എക്സൈസ്, വാഹന നികുതി, അഡംബര നികുതി ഇനത്തിലും ഇടിവുണ്ടാകും. ലോട്ടറിയിൽ ഒരാഴ്ച  നറുക്കെടുപ്പ് നിര്‍ത്തിയപ്പോള്‍ 300 കോടിയുടെ വരുമാനം കുറഞ്ഞു. ശന്പളവും പെന്‍ഷനും മുടക്കമില്ലാതെ കൊടുക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത് .എന്നാൽ അക്കൗണ്ടുകളിൽ നിന്ന് ഇത് ഒറ്റയടിക്ക് പിന്‍വലിക്കാനാകില്ല. ട്രഷറി അക്കൗണ്ടുകളിൽ പണം കിടക്കുന്ന സര്‍ക്കാരിനെ സംബന്ധിച്ച അനുഗ്രഹമാകുമെങ്കിലും കിട്ടിയ പണം വച്ച് അത്യാവശ്യ ചെലവുകള്‍ക്ക് മാത്രം മാസശന്പളക്കാര്‍ നടത്തുന്നതോടെ സര്‍വ മേഖലയെയും അതു ബാധിക്കും . പ്രശ്നം മറികടക്കാൻ സര്‍ക്കാരിന് മുന്നിൽ കുറുക്കു വഴികളില്ല.