മുംബൈ: രാജ്യത്തെ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി (എൻപിഎ)യുടെ നാലിലൊന്ന് 12 വ്യവസായ സ്ഥാപനങ്ങളുടേതാണെന്നു റിസർവ് ബാങ്ക് . മൊത്തം എൻപിഎ 7.11 ലക്ഷം കോടിയിൽപരം രൂപയാണ്. ഇതിൽ ഒന്നേമുക്കാൽ കോടി 12 കമ്പനികളുടെതാണ്. ഇവരിൽനിന്നു പണം ഈടാക്കാൻ ഉടനടി നടപടി തുടങ്ങണം. മൂന്നു മാസത്തിനുള്ളിൽ തിരിച്ചടവിനു വിശ്വസനീയ പദ്ധതി ഉണ്ടാകുന്നില്ലെങ്കിൽ കന്പനികളെ പാപ്പരായി പ്രഖ്യാപിക്കാൻ നടപടി തുടങ്ങണം. ഇതാണ് റിസർവ് ബാങ്ക് വാണിജ്യബാങ്കുകളോട് കർശനമായി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയം കൂടി ഇതിനായി നിര്‍ദേശം നല്‍കുന്നുണ്ട്.
വ്യവസായ വായ്പകൾ പല ബാങ്കുകൾ ചേർന്ന കൺസോർഷ്യങ്ങളാണ് അനുവദിക്കുന്നത്. നേരത്തേ എല്ലാ ബാങ്കും ഏകകണ്ഠമായി തീരുമാനിച്ചാലേ തുടർനടപടി സാധ്യമായിരുന്നുള്ളൂ. നിയമഭേദഗതി വഴി ആ വ്യവസ്ഥ മാറ്റി. കടവും പലിശയും ചേർന്ന കുടിശികത്തുകയിൽ കുറേ ഭാഗം ഒഴിവാക്കിക്കൊടുത്ത് ഒത്തുതീർക്കുന്നതിനു ബാങ്കുകൾക്ക് അധികാരം നല്‍കിയിട്ടുണ്ട്.
ഇതുകൊണ്ടും പരിഹാരം ആകുന്നില്ലെങ്കിൽ നാഷണൽ കന്പനി ലോ ട്രൈബ്യൂണലി(എൻസിഎൽടി)ൽ കേസ് നൽകണം. ട്രൈബ്യൂണൽ എല്ലാവരുടെയും വാദം കേട്ട് തീരുമാനമെടുക്കും. പാപ്പരായി പ്രഖ്യാപിച്ച് കമ്പനികളുടെ ആസ്തികൾ വിറ്റ് പണം ഈടാക്കും. ആറു മാസമാണ് ഈ പ്രക്രിയയ്ക്ക് അനുവദിക്കുന്നത്.
12 വലിയ കുടിശികക്കാരുടെ പട്ടിക റിസർവ് ബാങ്ക് പുറത്തുവിട്ടിട്ടില്ല. എസാർ സ്റ്റീൽ, ഭൂഷൺ സ്റ്റീൽ, ഭൂഷൺ പവർ, അലോക് ഇൻഡസ്ട്രീസ്, ഇലക്ട്രോസ്റ്റീൽ സ്റ്റീൽസ്, ഗാമൺ തുടങ്ങിയവ പട്ടികയിലുണ്ടെന്നാണു സൂചന.അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പും അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പും വലിയ കടക്കാരാണെങ്കിലും കടങ്ങൾ കിട്ടാക്കടങ്ങളായിട്ടില്ല. അനിൽ അംബാനി കുറേ ബിസിനസുകൾ വിറ്റ് ഗണ്യമായൊരു തുക അടയ്ക്കാനുള്ള ശ്രമത്തിലാണ്. -
