കോഴിക്കോട്: മണ്ഡലകാലവും ക്രിസ്തുമസ് നോമ്പും കാരണം മന്ദഗതിയിലായ മത്സ്യവിപണിക്ക് തിരിച്ചടിയായി ഓഖി ചുഴലിക്കാറ്റും. മണ്ഡല കാലവും ക്രിസ്മസ് നോമ്പും ഒരുമിച്ചു വരുന്ന നവംബര്‍-ഡിസംബര്‍ സമയങ്ങളില്‍ മത്സ്യ-മാംസവിപണയില്‍ വില്‍പന കുറയാറുണ്ടെങ്കിലും ഇക്കുറി അന്‍പത് ശതമാനം വരെ ഇടിവുണ്ടായെന്നാണ് മത്സ്യത്തൊഴിലാളികളും വ്യാപരികളും പറയുന്നത്. 

ഓഖി ദുരന്തത്തിന് ശേഷം മൃതദേഹങ്ങള്‍ കൂട്ടത്തോടെ കിട്ടാന്‍ തുടങ്ങിയതോടെ ആളുകള്‍ മീന്‍ വാങ്ങാന്‍ മടിക്കുന്നതാണ് വില്‍പ്പന കുത്തനെ കുറയാന്‍ കാരണം. മീന്‍ കഴിക്കരുതെന്നുള്ള സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചാരിച്ചു തുടങ്ങിയത് തങ്ങളുടെ വയറ്റത്തടിച്ചുവെന്ന് മീന്‍ കച്ചവടക്കാര്‍ പറയുന്നു.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാതിരുന്നത് കൊണ്ട് മത്സ്യത്തിന്റെ വരവ് കുറഞ്ഞിരുന്നു. ഇപ്പോള്‍ കാലാവസ്ഥ അനുകൂലമായപ്പോള്‍ യഥേഷ്ടം മത്സ്യം ലഭിക്കുന്നുണ്ട്. പക്ഷേ വില്‍പ്പന വളരെ കുറവാണ്. വരുന്ന ആഴ്ചകളില്‍ ക്രിസ്തുമസ് നോമ്പും മണ്ഡല നോമ്പും കഴിയുന്നതോടെ മത്സ്യപ്രേമികള്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍.