ഓണ്‍ലൈന്‍ ഷോപ്പിങ് ഉത്സവം തന്നെയാണ് അടുത്തയാഴ്ച വരാനിരിക്കുന്നത്. ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേയ്സിനൊപ്പം ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലും 90 ശതമാനം വരെ വിലക്കിഴിവ് നല്‍കി ഉപഭോക്താക്കളെ വലവീശിപ്പിടിക്കാനാണ് തയ്യാറാകുന്നത്. ഇതിനിടയില്‍ ഇരു കമ്പനികള്‍ക്കും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 100 ശതമാനം വരെ ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

സെപ്തംബര്‍ 20 മുതല്‍ 24 വരെയാണ് ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡേയ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. വന്‍ വിലക്കുറവും മറ്റ് ഓഫറുകളുമാണ് കമ്പനി തയ്യാറുക്കുന്നതെന്നാണ് സൂചനകള്‍. ഇതേസമയത്ത് തന്നെ ആമസോണ്‍ വാര്‍ഷിക ഷോപ്പിങ് ഉത്സവമായ ഗ്രേറ്റ് ഇന്ത്യന്‍ സെയിലും പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനിടയിലേക്കാണ് 100 ശതമാനം കാഷ്ബാക്ക് ഓഫറുമായി പേടിഎമ്മും എത്തുമെന്ന വ്യക്തമായ സൂചന ലഭിച്ചത്. പേടിഎം ചീഫ് ഓപ്പററ്റിങ് ഓഫീസര്‍ അമിത് സിന്‍ഹയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്ക് എത്ര ശതമാനം വീതം വിലക്കിഴിവും മറ്റ് ഓഫറുകളും നല്‍കണമെന്ന കാര്യത്തില്‍ അവസാനവട്ട തീരുമാനങ്ങള്‍ എടുത്തുകൊണ്ടിരിക്കുന്നതായും അടുത്തയാഴ്ച തന്നെ ഇത് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഫ്ലിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും വാര്‍ഷിക ഷോപ്പിങ് ഉത്സവം നടക്കുന്ന സമയത്ത് തന്നെ പേടിഎമ്മും വില്‍പ്പന തുടങ്ങാനാണ് സാധ്യത. വിപണി വിഹിതം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് മത്സരത്തിന് പിന്നില്‍.

ഫാഷന്‍, മൊബൈല്‍, ഹോ അപ്ലയന്‍സസ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, എന്നിവയ്ക്കാണ് മികച്ച ഓഫറുകളുമായി ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ മത്സരിക്കാറുള്ളത്. ഇവയ്ക്ക് പുറമെയുള്ള വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാകും പേ ടിഎമ്മിന്റെ വിലക്കിഴിവ് മേള.