വിയന്ന: എണ്ണ ഉത്പാദനം കുറയ്ക്കാന്‍ എണ്ണ ഉത്പാദന രാജ്യങ്ങളുടെ സംഘടനയുടെ തീരുമാനം. ഓസ്ട്രിയയിലെ വിയന്നയില്‍ ചേര്‍ന്ന യോഗത്തില്‍ എണ്ണ ഉത്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന് പുറമേയുള്ള എണ്ണ ഉത്പാദന രാജ്യങ്ങളും പങ്കടുത്തിരുന്നു. ഈ രാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് റഷ്യയാണ്. രണ്ട് ദിവസം നീണ്ട യോഗത്തിന് ശേഷം വിപണിയില്‍ ഓരോ ദിവസവും 12 ലക്ഷം ബാരല്‍ എണ്ണ കുറയ്ക്കാനാണ് തീരുമാനം എടുത്തത്.  ഒപെക്ക് കൂട്ടായ്മയിലെ പ്രധാന രാജ്യമായ സൗദി അറേബ്യ ശക്തമായി ഈ നിലപാട് എടുത്തതോടെ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. 

സൗദിയുടെ തീരുമാനത്തിന് പൂര്‍ണ പിന്തുണയാണ് റഷ്യ നല്‍കിയത്. സൗദിയുടെ തീരുമാനത്തെ ഇറാനും പിന്‍താങ്ങിയെന്നത് നയതന്ത്ര വ‍ൃത്തങ്ങളില്‍ അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി ആഗോള വിപണിയില്‍ എണ്ണവിലയില്‍ 30 ശതമാനം കുറവാണ് വന്നിരിക്കുന്നത്. ഇത് 2008ന് സമാനമായ പ്രതിസന്ധി ഉണ്ടാക്കിയേക്കാം എന്ന ഒപ്പേക്ക് രാജ്യങ്ങളുടെ ആശങ്കയാണ് പുതിയ നീക്കത്തിന് പിന്നില്‍. അതേ സമയം ഒപെകില്‍ നിന്ന് രാജിവെക്കുകയാണെന്ന് ഖത്തര്‍ കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു.

12 ലക്ഷം ബാരല്‍ എണ്ണ ഒരോ ദിവസവും വെട്ടിക്കുറയ്ക്കുക എന്ന തീരുമാനം അടുത്ത ജൂണ്‍ വരെ നടപ്പിലാക്കാനാണ് തീരുമാനം. നിലവില്‍ വിപണിയില്‍ കിട്ടുന്ന അളവില്‍ ഇനി എണ്ണ ലഭിക്കില്ല. സ്വാഭാവികമായും ഇത് വിലയില്‍ പ്രതിഫലിക്കും. എന്നാല്‍ ഇപ്പോള്‍ എണ്ണവില താഴോട്ട് പോകുന്ന അവസ്ഥ സമീപ മാസങ്ങളില്‍ സ്ഥിരതയാകുന്ന അവസ്ഥയിലേക്ക് മാറിയാല്‍ തീരുമാനം അവലോകനം ചെയ്ത് മാറ്റം ഉണ്ടായേക്കും എന്നും ഒപെക് പറയുന്നു. ഏപ്രില്‍ മാസത്തിലാണ് അടുത്ത ഒപെക് യോഗം.

അതേ സമയം ഉല്‍പ്പാദനം കുറയ്ക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം തള്ളിയാണ് ഒപെക് തീരുമാനം എന്നത് ശ്രദ്ധേയമാണ്.
വില വര്‍ധിക്കുന്ന നീക്കങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പുതിയ തീരുമാനത്തോടെ ഇന്ത്യയിലും കുറഞ്ഞുകൊണ്ടിരിക്കുന്ന ഇന്ധന വില സമീപ ദിവസങ്ങളില്‍ ഉയരാന്‍ സാധ്യത കാണുന്നു.

സൗദിയുടെയും ഇറാന്റെയും എണ്ണ കൂടുതല്‍ ഇറക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നതിനാല്‍ പുതിയ തീരുമാനം ഇന്ത്യയെ നേരിട്ട് ബാധിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് ഇന്ത്യയുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്ന് സൗദി ഊര്‍ജമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ അത് നടപ്പായില്ലെന്നാണ് പുതിയ തീരുമാനം വ്യക്തമാക്കുന്നത്. ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറഞ്ഞാല്‍ സ്വാഭാവികമായും ഇന്ത്യയില്‍ വില ഉയരും.

എന്നാല്‍ ഒപെക് തീരുമാനം വന്നതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയലിന്‍റെ വില ഉയരാന്‍ തുടങ്ങി. 15 രാജ്യങ്ങളാണുള്ള ഒപെകില്‍ നിന്നും ദിവസം എട്ട് ലക്ഷം ബാരല്‍ എണ്ണയുടെ കുറവാണ് ഈ തീരുമാനം മൂലം ഉണ്ടാകുക. ഒപെക് ഇതര രാജ്യങ്ങളില്‍ നിന്നും നാല് ലക്ഷം ബാരല്‍ വീതം കുറയ്ക്കും. അങ്ങനെയാണ് 12 ലക്ഷം വിപണിയില്‍ നിന്ന് സമീപ മാസങ്ങളില്‍ നിന്നും. തീരുമാനം വന്നതിന് തൊട്ടുപിന്നാലെ എണ്ണ വില വര്‍ധിക്കാന്‍ ആരംഭിച്ചു. ബ്രന്റ് ക്രൂഡിന് അഞ്ച് ശതമാനം വില വര്‍ധിച്ചെന്നാണ് വിപണി പറയുന്നത്.