1. cashnocash.com
Quicker, NASSCOM എന്നിവ ചേര്‍ന്ന് തയ്യാറാക്കിയ വെബ്സൈറ്റാണ് cashnocash.com. നിങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന പ്രദേശത്തിന്റെ പിന്‍കോഡ് ഉപയോഗിച്ച് ഇപ്പോള്‍ പണമുള്ളതും പ്രവര്‍ത്തിക്കുന്നതുമായ എ.ടി.എമ്മുകളെ തിരയാനാകും. പണമെടുക്കാന്‍ കഴിയുന്നവ പച്ച നിറത്തില്‍ അടയാളപ്പെടുത്തിയാണ് മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിക്കുന്നത്.

2. സി.എം.എസ് എ.ടി.എം ഫൈന്റര്‍
രാജ്യത്ത് 55,000ലധികം എടിഎമ്മുകള്‍ നിയന്ത്രിക്കുന്ന പ്രമുഖ ഏജന്‍സിയായ സി.എം.എസ് ഇന്‍ഫോ സിസ്റ്റംസ്, തങ്ങള്‍ക്ക് കീഴിലുള്ള എ.ടി.എമ്മുകളില്‍ ഏതൊക്കെ ഇപ്പോള്‍ പ്രവൃത്തിക്കുന്നുണ്ടെന്ന് തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിക്കുന്നുണ്ട്. കമ്പനിയുടെ വെബ്സൈറ്റില്‍ പ്രവേശിച്ച് സംസ്ഥാനവും നഗരവും തെരഞ്ഞെടുത്താല്‍ എ.ടി.എമ്മുകളുടെ പട്ടിക ലഭിക്കും. ഇതില്‍ നിങ്ങളുടെ പരിസരത്ത് പ്രവൃത്തിക്കാത്ത എടിഎമ്മുകളുണ്ടെങ്കില്‍ അവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും സംവിധാനമുണ്ട്.

3. വാള്‍നട്ട്
വ്യക്തിഗത ധനകാര്യ മാനേജ്മെന്റ് ആപ്ലിക്കേഷനായ വാള്‍നട്ടിലൂടെ നിങ്ങളുടെ പ്രദേശത്തുള്ള എ.ടി.എമ്മുകള്‍ കണ്ടെത്താനാവും. രണ്ട് മില്യന്‍ ഉപയോക്താക്കളുള്ള ഈ ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ നടത്തുന്ന ഇടപാടുകള്‍ നിരീക്ഷിക്കുകയും അതുവഴി എടിഎമ്മുകളില്‍ പണമുണ്ടോയെന്ന് മറ്റുള്ളവരെ അറിയിക്കുകയുമാണ് ചെയ്യുന്നത്. എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ എത്ര വലിയ ക്യൂ ഉണ്ടെന്നും ഈ ആപ് പറഞ്ഞുതരും. ഏതൊക്കെ തുകയുടെ നോട്ടുകള്‍ എ.ടി.എമ്മില്‍ ഇപ്പോള്‍ ലഭ്യമാണെന്നതടക്കമുള്ള വിവരങ്ങള്‍ കൂടി ഉടനെ ഈ ആപില്‍ ഉള്‍പ്പെടുത്തുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

4. ATMsearch.in
ഓരോ പ്രദേശത്തുമുള്ള എ.ടി.എമ്മുകളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് ജനങ്ങളുടെ സഹായത്തോടെ തന്നെ ശേഖരിച്ച് മറ്റുള്ളവരെ അറിയിക്കുന്ന വെബ്സൈറ്റാണിത്. സെര്‍ച്ച് ബോക്സില്‍ സ്ഥലം ടൈപ്പ് ചെയ്ത് നല്‍കിയാല്‍ എ.ടി.എമ്മില്‍ ഇപ്പോള്‍ പണമുണ്ടോയെന്നും തിരക്കുണ്ടോയെന്നും അറിയാനാവും. സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത എ.ടി.എമ്മുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഉള്‍ക്കൊള്ളിക്കാനാവും.

5. ഹാഷ് ടാഗുകള്‍
ഫേസ്ബുക്കിലും ട്വിറ്ററിലും എ.ടി.എമ്മുകള്‍ കണ്ടെത്താനും പണമുണ്ടോയെന്ന് അറിയാനുള്ള ഹാഷ് ടാഗുകളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
