ദില്ലി: കര്‍ണിസേനയയും സംഘപരിവാര്‍ സംഘടനകളും ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ അപ്രസക്തമാക്കി സജ്ഞയ് ലീല ബന്‍സാലി ചിത്രം പത്മാവതിന് മികച്ച സ്വീകരണം നല്‍കി പ്രേക്ഷകര്‍. റിലീസ് ചെയ്ത ആദ്യദിവസം തന്നെ 18 കോടി രൂപയാണ് ചിത്രം നേടിയത്. പ്രത്യേക പെയ്ഡ് പ്രിവ്യൂ ഷോകളിലൂടെ മറ്റൊരു 5 കോടിയും പത്മാവത് നേടിയെടുത്തു. 

രാജ്യമെമ്പാടുമുള്ള തീയേറ്ററുകളില്‍ ശരാശരി 50-55 ശതമാനം നിറഞ്ഞ സീറ്റുകളുമായാണ് ആദ്യദിനത്തില്‍ പത്മാവതി പ്രദര്‍ശിപ്പിച്ചതെന്ന് സിനിമാ വെബ്‌സൈറ്റായ മൂവിബോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചിത്രത്തിനെതിരെ ഇത്രയും കടുത്ത പ്രതിഷേധമുണ്ടായിട്ടും ഇത്രയേറെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍. രണ്‍വീര്‍കപൂര്‍,ഷാഹിദ് കപൂര്‍, ദീപികാ പദുക്കോണ്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

രാജ്യമെമ്പാടുമുള്ള 3100-ലേറെ തീയേറ്ററുകളിലാണ് വ്യാഴാഴ്ച്ച പത്മാവത് റിലീസ് ചെയ്തത്. എന്നാല്‍ ഹരിയാന, രാജസ്ഥാന്‍,ഗുജറാത്ത്, മധ്യപ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നില്ല.