ദില്ലി:പ്രതിഷേധ-സമരപരമ്പരകളേയും കോടതി നടപടികളേയും നേരിട്ട് തീയേറ്ററുകളിലെത്തിയ പത്മാവതിന് മികച്ച സ്വീകരണം നല്‍കി പ്രേക്ഷകര്‍. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 110 കോടി കളക്ട് ചെയ്ത ചിത്രം ഒരാഴ്ച്ച പിന്നിടും മുന്‍പേ 200 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വ്യാഴാഴ്ച്ചയാണ് പത്മാവത് റിലീസ് ചെയ്യുന്നത്. ഇതിനു മുന്‍പുള്ള പ്രത്യേക പെയ്ഡ് പ്രിവ്യൂ ഷോകളിലൂടെ ചിത്രം 4.25 കോടി കളക്ട് ചെയ്തിരുന്നു. തീയേറ്ററുകളിലെത്തിയ ആദ്യദിനത്തില്‍ 17.75 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്. പിന്നീടുള്ള ദിവസങ്ങളില്‍ 31 കോടി,27 കോടി,30 കോടി എന്നിങ്ങനെയായിരുന്നു ചിത്രത്തിന്‍റെ പ്രതിദിന കളക്ഷന്‍. 

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ പ്രതിഷേധമുണ്ടായേക്കാം എന്ന് ഭയന്ന് ആദ്യദിനം വിട്ടു നിന്ന പ്രേക്ഷകര്‍ പിന്നീട് ചിത്രത്തിന് നല്ല അഭിപ്രായം കിട്ടിയതോടെ കൂട്ടത്തോടെ തീയേറ്ററിലേക്കെത്തിയെന്നും ട്രേഡ് അനലിസ്റ്റായ തരന്‍ ആദര്‍ശ് നിരീക്ഷിക്കുന്നു. 

ചിത്രം പ്രദര്‍ശിപ്പിക്കാതിരുന്ന ഉത്തര്‍പ്രദേശ്,ഹരിയാന,ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളിലും ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു കാരണവശാലും പത്മാവത് പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് രാജസ്ഥാനിലെ തീയേറ്ററുടമകള്‍.

അതേസമയം രാജ്യത്തിനകത്ത് കല്ലേറും പ്രക്ഷോഭവും നേരിടേണ്ടി വന്നെങ്കിലും പ്രവാസി ഇന്ത്യക്കാര്‍ മികച്ച സ്വീകരണമാണ് പത്മാവതിന് നല്‍കിയത്. ഓസ്ട്രേലിയയില്‍ സുല്‍ത്താല്‍, ബജ്റംഗീ ഭായിജാന്‍ എന്നിവയുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പത്മാവത് ഇതിനോടകം തിരുത്തി കഴിഞ്ഞു. നോര്‍ത്ത് അമേരിക്കയിലും ഒരു ബോളിവുഡ് ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും മികച്ച ആദ്യദിന കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.