ദില്ലി: നവംബർ എട്ടിന് ശേഷം നിക്ഷേപിച്ച രണ്ട് ലക്ഷം രൂപയിൽ കൂടുതലുള്ള തുക പിൻവലിക്കാൻ പാൻ നമ്പർ നൽകണമെന്ന് ആർബിഐ നിർദ്ദേശിച്ചു.
നോട്ട് അസാധുവാക്കിയതിന് ശേഷം നിക്ഷേപിച്ച രണ്ട് ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾ പരിശോധിക്കാന്നതിന് കൂടിയാണ് ആർ‍ബിഐ പാൻ നമ്പർ നിർബന്ധമാക്കിയത്. രണ്ടര ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങൾക്ക് ഇളവ് നൽകുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

രണ്ട് ലക്ഷം രൂപയിൽ കൂടുതളുള്ള നിക്ഷേപം പിൻവലിക്കാൻ പാൻനമ്പർ നിർബന്ധമായിരിക്കും. ഇതിനിടെ കഴിഞ്ഞ നവംബർ 10 മുതൽ രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് 586 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിൽ 300 കോടി പഴയ നോട്ടുകളും 79 കോടി പുതിയ രണ്ടായിരം രൂപ നോട്ടുകളും ഉൾപ്പടെ 2600 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതായി ആദായനികുതി വകുപ്പ് അറിയിച്ചു.

തമിഴ്നാട്ടിൽ നിന്ന് മാത്രം 140 കോടി രൂപയും 52 കോടി രൂപയുടെ സ്വർണ്ണവും പിടിച്ചെടുത്തു. ദില്ലി ഉൾപ്പടെയുള്ള നഗരങ്ങളിലെ ആക്സിസ് ബാങ്കിൽ നടന്ന ക്രമക്കേട് വിശദമായി പരിശോധിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. പരിശോധനകൾ രാജ്യവ്യാപകമായി നടക്കുകയാണെന്നും ബാങ്ക് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.