മുംബൈ: ഉല്‍പന്നങ്ങളെ ഓണ്‍ലൈന്‍ ആക്കി പതഞ്ജലി. പതഞ്ജലിയുടെ ഉല്‍പന്നങ്ങള്‍ ആമസോണ്‍, ഫ്ലിപ്‍കാര്‍ട്ട്. പേയ്‍ടിഎം മാള്‍, ബിഗ്ബാസ്കറ്റ്,ഗ്രോഫഴ്സ് തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാര സെറ്റുകളില്‍ ലഭ്യമാകും. ഹരിദ്വാര്‍ മുതല്‍ ആളുകള്‍ ആഗ്രഹിക്കുന്ന എല്ലായിടങ്ങളിലും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമമെന്ന് ഓണ്‍ലൈന്‍ ഉല്‍പന്നങ്ങളെ സമര്‍പ്പിച്ച് ബാബാ രാംദേവ് പറഞ്ഞു. 

രാജ്യമെമ്പാടുമുള്ള പതഞ്ജലിയുടെ റീടെയ്ല്‍ മാര്‍ക്കറ്റിന്റെ മറ്റൊരു രൂപമാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റെന്നും രാംദേവ് സംസാരിച്ചു. 500ലധികം ഉല്‍പ്പന്നങ്ങളാണ് നിലവില്‍ പതഞ്ജലി വിപണിയിലിറക്കുന്നത്. രാജ്യത്തെ സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ 1.2 ശതമാനമാണ് പതഞ്ജലിയുടെ ഇപ്പോഴത്തെ സ്വാധീനം. 

2016-17 സാമ്പത്തിക വര്‍ഷത്തില്‍ തന്റെ കമ്പനി 10,500 കോടിയുടെ വിറ്റുവരവ് നേടിയെന്ന് രാംദേവ് അവകാശപ്പെട്ടു. പ്രതിവര്‍ഷം 30,000 കോടിയുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്നും അടുത്ത വര്‍ഷം അത് ഇരട്ടിയാക്കുമെന്നുമാണ് പതഞ്ജലിയുടെ അവകാശവാദം. ഒരു വര്‍ഷം കൊണ്ട് ഐടിസി, നെസ്ലേ, ഗോദ്‌റജ്, ഡാബര്‍, ടാറ്റ എന്നീ കമ്പനികളെ പിന്നിലാക്കിയെന്നാണ് പതഞ്ജലി അവകാശപ്പെടുന്നത്.