പേടിഎം പേയ്മെന്റ് ബാങ്ക് നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. വായ്പ ഒഴികെയുള്ള ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണ് പേയ്മെന്‍റ് ബാങ്ക്. നിലവിലുള്ള പേടിഎം ഉപഭോക്താക്കള്‍ക്ക് താത്പര്യം ഉണ്ടെങ്കില്‍ പേയ്മെന്‍റ് ബാങ്കിലേക്ക് മാറാം.

മൊബൈല്‍ പേയ്മെന്റ് രംഗത്ത് രാജ്യത്ത് വിപ്ലവം സൃഷ്‌ടിച്ച പേടിഎം ബാങ്കിങ് രംഗത്തേക്ക് പുതിയ ചുവടുവെയ്‌ക്കുകയാണ്. റിസര്‍വ് ബാങ്കിനെ അനുമതി പ്രകാരം നാളെ മുതല്‍ പേടിഎം പേയ്മെന്റ് സര്‍വീസ് ലിമിറ്റഡ് എന്ന പേരില്‍ പണമിടപാട് സേവനങ്ങള്‍ ആരംഭിക്കും. ബാങ്കിങ് രംഗത്തെ പുതിയ സംവിധാനമാണ് പേയ്മെന്റ് ബാങ്കുകള്‍. നിക്ഷേപത്തിലൂന്നിയാണ് ബാങ്കിന്റെ പ്രവര്‍ത്തനം. വ്യക്തികള്‍ക്കോ വ്യാപാര സ്ഥാപനങ്ങള്‍ക്കോ ഒരു ലക്ഷം രൂപ വരെ ബാങ്കില്‍ നിക്ഷേപിക്കാം. ഇതിന് പലിശ ലഭിക്കും. ഒപ്പം എ.ടി.എം ഡെബിറ്റ് കാര്‍ഡുകളും അക്കൗണ്ട് ഉടമയ്‌ക്ക് നല്‍കും. എന്നാല്‍ വായ്പയോ ക്രെഡിറ്റ് കാര്‍ഡോ നല്‍കാന്‍ പേയ്മെന്റ് ബാങ്കുകള്‍ക്ക് അനുമതിയില്ല.

ബാങ്കായി മാറുന്നതോടെ പേടിഎം വാലിറ്റിലുള്ള പണം പേയ്മെന്റ് ബാങ്കിലേക്ക് മാറും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് താത്പര്യമില്ലെങ്കില്‍ പണം ഇ-വാലറ്റില്‍ തന്നെ നിലനില്‍ത്താം. പക്ഷേ ഇക്കാര്യം പേടിഎമ്മിനെ മേയ് 23ന് മുമ്പ് അറിയിക്കണം. 21.8 കോടി ഉപഭോക്താക്കളാണ് പേടിഎമ്മിന് ഇപ്പോള്‍ ഉള്ളത്. രാജ്യത്തെ ആദ്യ പേയ്മെന്റ് ബാങ്ക് കഴിഞ്ഞ വര്‍ഷം എയര്‍ടെല്‍ യാഥാര്‍ത്ഥ്യമാക്കിയിരുന്നു. ഗ്രാമങ്ങളിലെയും നഗര പ്രാന്തങ്ങളിലെയും കോടിക്കണക്കിന് പേര്‍ക്ക് കൂടി ബാങ്കിങ് സേവനം ലഭ്യമാക്കുകയാണ് പേയ്മെന്റ് ബാങ്കിന്റെ ലക്ഷ്യം. തപാല്‍ വകുപ്പും ആദിത്യ ബിര്‍ള ഗ്രൂപ്പും പേയ്മെന്റ് ബാങ്കുമായി രംഗത്തെത്തും.