ദില്ലി: അടുത്ത സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നുമുതല്‍ മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴ ഈടാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. പ്രതിമാസ മിനിമം ബാലന്‍സും (എം.എ.ബി)അക്കൗണ്ടില്‍ നിലവിലുള്ള ബാലന്‍സും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയാകും പിഴത്തുക നിര്‍ണ്ണയിക്കുന്നത്.

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് 2012 മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ഈടാക്കുന്നില്ല. കൂടുതല്‍ അക്കൗണ്ടുകള്‍ ലഭിക്കുന്നതിനും ചെറിയ തുകയ്ക്കുള്ള കൂടുതല്‍ നിക്ഷേപങ്ങള്‍ ലഭിക്കുന്നതിനുമായിരുന്നു ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാല്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ വന്‍ തോതില്‍ പുതിയ അക്കൗണ്ടുകള്‍ വന്നതോടെയാണ് പഴയ പിഴയീടാക്കല്‍ വീണ്ടും തുടങ്ങാന്‍ എസ്.ബി.ഐ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ നാല് ശതമാനം പലിശയാണ് സേവിങ് അക്കൗണ്ടുകള്‍ക്ക് എസ്.ബി.ഐ നല്‍കുന്നത്.

മെട്രോ നഗരങ്ങളില്‍ 5000ഉം അല്ലാത്ത സ്ഥലങ്ങളില്‍ 1000 രൂപയുമാണ് മിനിമം ബാലന്‍സ്. ഇതിന്റെ പകുതി മാത്രം ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെങ്കില്‍ പ്രതിമാസം 50 രൂപ പിഴ ഈടാക്കും. 25 ശതമാനം തുക മാത്രമാണെങ്കില്‍ പിഴ തുക 75 രൂപയായി ഉയരും. മിനിമം ബാലന്‍സിന്റെ 25 ശതമാനത്തിന് മുകളി‍ല്‍ 50 ശതമാനത്തില്‍ താഴെ മാത്രമാണ് അക്കൗണ്ടില്‍ ഉള്ളതെങ്കില്‍ മാസം 100 രൂപയാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.