ദില്ലി: പെട്രോള്‍-ഡീസൽ വില ദിവസം തോറും പുതുക്കാനുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ തീരുമാനം ഇന്ന് നിലവില്‍ വന്നു. അന്താരാഷ്‍ട്ര വിലയനുസരിച്ച് അര്‍ധരാത്രിയിലാണ് വിലയില്‍ മാറ്റം വരുത്തുന്നതെങ്കിലും രാവിലെ ആറുമണി മുതലേ പ്രാബല്യത്തില്‍ ഇത് വരൂ. ദില്ലിയില്‍ ഡീലര്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിയിരുന്നു.

പുതിയ തീരുമാനം നടപ്പിലാവുമ്പോള്‍ ഇന്നത്തെ ഇന്ധന വില എങ്ങനെ അറിയുമെന്ന് ഉപഭോക്താക്കള്‍ സ്വാഭാവികമായും സംശയിക്കുന്നുണ്ടാകും. അതിനുള്ള മാര്‍ഗങ്ങള്‍ ഇതാ.

മൊബൈല്‍ ആപ്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ മൊബൈല്‍ ആപ് വഴി അതാത് ദിവസത്തെ വില ഉപഭോക്താക്കള്‍ക്ക് അിയാനാകും. ഇതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് Fuel@IOC എന്ന ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാവും.

എസ്എംഎസ്: എസ്എംഎസ് വഴിയും അതാത് ദിവസത്തെ പെട്രോള്‍-ഡീസല്‍ വില ഉപഭോക്താക്കള്‍ക്ക് അറിയാനാകും. ഇതിനായി ഉപഭോക്താക്കള്‍ RSP< SPACE >DEALER CODE ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. എല്ലാ പെട്രോള്‍ പമ്പുകളിലും അവരുടെ ഡീലര്‍ കോഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും.

വെബ് പേജ്: ഐഒസിയുടെ വെബ്സൈറ്റ് വഴിയും ഉപഭോക്താക്കള്‍ക്ക് അതാത് ദിവസത്തെ പെട്രോള്‍-ഡിസല്‍ വില അറിയാനാകും. ഇതിനായി https://www.iocl.com/, http://uat.indianoil.co.in/ROLocator/ എന്നീ വെബ് പേജുകള്‍ സന്ദര്‍ശിച്ചാല്‍ മതി.