രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്‌ക്കുന്നതിന് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പമ്പ് ഉടമകളുടെ സംഘടന തീരുമാനിച്ചു. കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയത്തിന് പണം ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല.
കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ശതമാനം വരെ ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് ഈടാക്കാനാണ് ബാങ്കുകളുടെ തീരുമാനം. കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടിയാണ് ഈ നീക്കം. ആയിരം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 0.25 ശതമാനവും 1000 രൂപ മുതല്‍ 2000 രൂപാ വരെയുള്ള ഇടപാടുകള്‍ക്ക് 0.50 ശതമാനവും 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനവും ചാര്‍ജ്ജ് ഈടാക്കുമെന്ന് കാണിച്ച് ഇന്ന് ഉച്ചയ്ക്കാണ് എച്ച്.ഡി.എഫ്.സി ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കിയത്. രാജ്യത്ത് മിക്കയിടങ്ങളിലും ഉപയോഗിക്കുന്നത് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പി.ഒ.എസ് മെഷീനുകളായതിനാല്‍ കനത്ത നഷ്ടമാകും ഇത് പമ്പുടമകള്‍ക്ക് ഉണ്ടാക്കുക. ഈ സാഹചര്യത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കാര്‍ഡുകളൊന്നും സ്വീകരിക്കേണ്ടെന്ന് പമ്പുടമകളുടെ സംഘടന തീരുമാനിക്കുകയായിരുന്നു.
എ.ടി.എം വഴിയുള്ള ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്ന ബാങ്കുകളുടെ നീക്കവും ഏറെ പ്രതിഷേധത്തിന് വഴി വെച്ചിരിക്കുകയാണ്. പരമാവധി 4500 രൂപ മാത്രം എ.ടി.എമ്മുകളില്‍ നിന്ന് ലഭിക്കുന്ന സാഹചര്യത്തിലും അഞ്ചില്‍ കൂടുതല്‍ തവണ ഇടപാട് നടത്തിയാല്‍ 20 രൂപ വരെയാണ് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നത്.
