ഉത്തര്‍പ്രദേശ് സ്വദേശിയായ സന്‍ഗം ലാല്‍ പാണ്ഡെ എന്ന അഭിഭാഷകനാണ് നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ തീരുമാനം അവശ്യ സേവനങ്ങളെ ഗുരുതരമായി ബാധിച്ചെന്ന് ഹരജി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗം കൂടി കേട്ട ശേഷമേ വിധി പറയാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വരുന്ന ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും.

കറന്‍സികള്‍ പിന്‍വലിച്ച നടപടിയില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബോബൈ ഹൈക്കോടതിയിലും രണ്ട് അഭിഭാഷകര്‍ ഇന്നലെ അപേക്ഷ നല്‍കിയിരുന്നു. നൂറു രൂപയുടെ നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യണമെന്ന് മേയ് അഞ്ചിന് തന്നെ റിസര്‍വ് ബാങ്ക്, മറ്റ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും എന്നാല്‍ വളരെ കുറച്ച് ബാങ്കുകള്‍ മാത്രമേ ഇക്കാര്യം ഗൗരവത്തിലെടുത്തുള്ളൂവെന്നും ഇവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ആര്‍.ബി.ഐയുടെ നിര്‍ദ്ദേശം അവഗണിച്ച ബാങ്കുകള്‍ എത്രയും പെട്ടെന്ന് അവ നടപ്പാക്കണമെന്ന് കാണിച്ച് നവംബര്‍ രണ്ടിന് റിസര്‍വ് ബാങ്ക് നവംബര്‍ രണ്ടിന് അയച്ച കത്തും ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.