ദില്ലി: നോട്ട് നിരോധനത്തിന്റെ പേരില്‍ മോദിക്കെതിരെ തുറന്നടിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. മോദി അദ്ദേഹത്തിന്റെ അബദ്ധം അംഗീകരിക്കണമെന്നും മൻമോഹൻ ആവശ്യപ്പെട്ടു. ബ്ലൂംബെർഗ്ക്വിന്റിനു നൽകിയ അഭിമുഖത്തിലാണ് മൻമോഹൻ സിംഗ് തന്റെ പിന്‍ഗാമിയായ മോദിക്കെതിരെ ആഞ്ഞടിച്ചത്.
ഒരു സ്ഥാപനം എന്നനിലയിൽ റിസർവ് ബാങ്കിന്റെ വിശ്വാസ്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേർക്കുള്ള ആക്രമണമായിരുന്നു നോട്ട് നിരോധനം. നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുർബലവിഭാഗമാണ് നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം അനുഭവിച്ചത്. സാമ്പത്തിക സൂചികകൾ നൽകിയ വിവരങ്ങളേക്കാൾ വലിയ നാശമാണ് വ്യാവസായിക രംഗത്തുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം മണ്ടത്തരമായിരുന്നെന്നും അത് നഷ്ടങ്ങളാണുണ്ടാക്കിയതെന്നും മോദി അംഗീകരിക്കണം. സമ്പദ് വ്യവസ്ഥ പുനർനിർമിക്കുന്നതിന് സമവായത്തിലൂടെയുള്ള നയം രൂപീകരിക്കണം. ഇതിന് ഇനി രാഷ്ട്രീയം നോക്കുന്നതില്‍ അര്‍ത്ഥമില്ല.നോട്ട് നിരോധനം തകര്‍ത്തത് ഇന്ത്യയുടെ മുന്നേറാനുള്ള ശേഷിയെ ആണ് പിന്നോട്ട് അടിച്ചത്. എല്ലാ ഭാഗത്തുനിന്നുമുള്ള പിന്തുണ നേടാന്‍ മോദി ശ്രമിക്കണമെന്നും മൻമോഹൻ പറഞ്ഞു.
