ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്പാദ്യത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2016ല്‍ മോദിയുടെ വരുമാനം 23 ശതമാനം അധികമായി വര്‍ദ്ധിച്ചു. ഈ വര്‍ഷം മാത്രം 32 ലക്ഷത്തില്‍ അധികമായാണ് മോദിയുടെ സമ്പാദ്യം വര്‍ദ്ധിച്ചത്. ബാങ്ക് നിക്ഷേപങ്ങളും പുസ്‌തകത്തിന്റെ ലോയല്‍റ്റി വിറ്റ ഇനത്തിലുമാണ് മോദിയുടെ സമ്പാദ്യം. 2015 ഏപ്രിലിനും 2016 മാര്‍ച്ചിനും ഇടയില്‍ പുസ്‌തകത്തിന്റെ ലോയല്‍റ്റി ഇനത്തില്‍ 12.35 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. ഇംഗ്ലീഷിലും ഗുജറാത്തിയിലുമായി പതിനഞ്ചോളം പുസ്‌തകങ്ങള്‍ മോദി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കവിതാസമാഹാരവും മോദിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. യോഗ, തത്വചിന്ത, വിദ്യാഭ്യാസം എന്നീ വിഷയങ്ങളെ ആധാരമാക്കി മോദി പുസ്‌തകങ്ങള്‍ രചിച്ച് പുറത്തിറക്കിയിട്ടുണ്ട്. ഈ സമ്പത്തികവര്‍ഷം 20 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും മോദിയുടെ പേരില്‍ ബാങ്കില്‍ ഇട്ടിട്ടുണ്ട്. സര്‍ക്കാരിലെ ഉന്നതരുടെ വരുമാനം സംബന്ധിച്ച കണക്കുകള്‍ വര്‍ഷംതോറും പുറത്തുവിടാറുണ്ട്. ഇതിന്റെ ഭാഗമായാണ് മോദിയുടെ സമ്പാദ്യം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രതിമാസ ശമ്പളം 1.6 ലക്ഷം രൂപയാണ്. മോദിയുടെ പേരിലുള്ള 20.35 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം ഗാന്ധിനഗറിലുള്ള എസ് ബി ഐ ബ്രാഞ്ചിലാണുള്ളത്. ഈ 20.35 ലക്ഷം ഉള്‍പ്പടെ ഇപ്പോള്‍ മോദിയുടെ പേരില്‍ 51.27 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമായിട്ടുണ്ട്. അതേസമയം മോദി മന്ത്രിസഭയിലെ മറ്റു മന്ത്രിമാരുടെ സമ്പാദ്യമൊക്കെ സ്വകാര്യബാങ്കുകളിലും മ്യൂച്ചല്‍ ഫണ്ടിലും ഓഹരിവിപണിയിലുമൊക്കെയാണ് നിക്ഷേപിച്ചിരിക്കുന്നത്.