ദില്ലി: നീരവ് മോദിയുടെ തട്ടിപ്പിന് പിന്നാലെ പണം പിന്‍വലിക്കാനുള്ള പരിധി കുറച്ചെന്ന ആരോപണങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് നിഷേധിച്ചു. ബാങ്കില്‍ പണമില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം പരമാവധി 3000 രൂപ മാത്രമേ ഇനി മുതല്‍ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ എന്ന തരത്തിലാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചത്.
ബാങ്ക് ഇടപാടുകള്‍ സാധാരണ നിലയില്‍ തന്നെ തുടരുകയാണെന്നും പണം പിന്‍വലിക്കുന്നതിന് യാതൊരു വിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കാണിച്ച് പ്രമുഖ ദിനപ്പത്രങ്ങളില്‍ ബാങ്ക് ഇന്ന് പരസ്യവും നല്‍കിയിട്ടുണ്ട്. മറ്റ് ബാങ്കുകളില്‍ നിന്ന് തട്ടിപ്പ് കാരണം നഷ്‌ടപ്പെട്ട പണമെല്ലാം പഞ്ചാബ് നാഷണല്‍ ബാങ്ക് തന്നെ കൊടുക്കണമെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞിട്ടില്ല. അത്തരം ആരോപണങ്ങളും അടിസ്ഥാന രഹിതമാണ്. ക്രിക്കറ്റ് താരം വിരാട് കോഹ്‍ലി ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് പിന്മാറിയിട്ടുമില്ല. അടുത്തിടെ ബാങ്കില്‍ 18000 ജീവനക്കാരെ സ്ഥലം മാറ്റിയെന്ന ആരോപണവും തെറ്റാണ്. 1415 പേരെ മാത്രമാണ് സ്ഥലം മാറ്റിയതെന്നും അതുതന്നെ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണെന്നും പരസ്യം വിശദീകരിക്കുന്നു. ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ നേരിടാന്‍ ബാങ്ക് പ്രാപ്തമാണെന്നും ഉപഭോക്താക്കള്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും വിശദീകരണമുണ്ട്.
