കൊച്ചി: കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയില്‍ നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ചിട്ടിയിലൂടെ കിഫ്ബിയില്‍ എത്തുന്ന പണം നിര്‍ദ്ദിഷ്‌ട പദ്ധതികള്‍ക്ക് മാത്രമേ വിനിയോഗിക്കൂ എന്നും ഐസക് കൊച്ചിയില്‍ പറഞ്ഞു.
കെ.എസ്.എഫ്.ഇയുടെ സാധാരണ ചിട്ടികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം പ്രവാസി ചിട്ടിയ്‌ക്കും ലഭിക്കും. ഓണ്‍ലൈനായി നടത്തുന്നതിനാല്‍ പ്രവാസികള്‍ക്ക് ആശങ്കകളില്ലാതെ ലേലത്തില്‍ പങ്കെടുക്കാം. ചിട്ടി തവണകള്‍ അടയ്‌ക്കുന്നതും ഓണ്‍ലൈനായി തന്നെയായിരിക്കും. ഇതിനായി സോഫ്റ്റ്‍വെയര്‍ തയ്യാറാക്കുന്നത് അവസാന ഘട്ടത്തിലാണ്. ചിട്ടിയിലൂടെ കിഫ്ബിയില്‍ എത്തുന്ന പണം മറ്റ് രീതിയില്‍ വകമാറ്റില്ല. ഇത് ഉറപ്പാക്കുന്നതിനാണ് കിഫ്ബി ഉപദേശക സമിതി ചെയര്‍മാനായി മുന്‍ സി.എ.ജി വിനോദ് റായിയെ നിയമിച്ചിരിക്കുന്നത്.
മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവാസി ചിട്ടിയില്‍ 10 ലക്ഷം ഇടപാടുകാരെ ചേര്‍ക്കാമെന്നാണ് പ്രതീക്ഷ. ഇതിലൂടെ സമാഹരിക്കുന്ന പണത്തില്‍ നിന്ന് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10,000 കോടി രൂപ കണ്ടെത്താനാകുമെന്നും ഐസക് പറഞ്ഞു. കെ.എസ്.എഫ്.ഇ ജീവനക്കാര്‍ക്ക് പ്രവാസി ചിട്ടിയെ കുറിച്ച് വിശദീകരിക്കാന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.എസ്.എഫ്.ഇയെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിതര ധനകാര്യ സ്ഥാപനമാക്കി മാറ്റുമെന്നും ധനമന്ത്രി വ്യക്തമാക്കി.
