എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിലവിലുള്ള 500,1000 രൂപ നോട്ടുകൾ അർദ്ധരാത്രിമുതൽ പിൻവലിക്കുന്നുവെന്ന അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഇപ്പോൾ പ്രചാരത്തിലുള്ള 500, 1000 നോട്ടുകൾ ഇനി വെറും കടലാസായി മാറുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

നിലവിൽ ജനങ്ങളുടെ കയ്യിലുള്ള 500 രൂപ 1000 രൂപ നോട്ടുകൾ വ്യാഴാഴ്ച മുതൽ ഡിസംബറ് 30 വരെ ബാങ്കുകളിലോ പോസ്റ്റ് ഓഫീസിലോ നൽകിയാൽ പകരം നോട്ടുകൾ നൽകും. ഒപ്പം ഇത് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും തടസ്സമില്ല. ഈ 50 ദിവസം ഇതിന് സാധിക്കാത്തവ‍ക്ക് മാർ‍‍ച്ച് 31 വരെ പ്രത്യേകസംവിധനവുമൊരുക്കും. നോട്ടുകൾ മാറാൻ അപേക്ഷ പൂരിപ്പിച്ച് നൽകുകയും തിരിച്ചറിയൽ കാര്‍ഡിന്‍റെ പകര്‍പ്പ് നൽകുകയും വേണം. 

ബുധനാഴ്ച രാജ്യത്തെ ബാങ്കുകളിലും ട്രഷറികളിലും ഇടപാടുകളുണ്ടായിരിക്കില്ല. എടിഎം കൗണ്ടറുകൾ രണ്ട് ദിവസത്തേക്ക് പ്രവർത്തിക്കില്ല. സര്‍ക്കാര്‍ ആശുപത്രികൾ-മെഡിക്കൽ സ്റ്റോറുകൾ റെയിൽവേ ബുക്കിംഗ് കൗണ്ടർ വിമാനത്താവളം സർക്കാർ വക പാൽ പച്ചക്കറി ബൂത്തുകൾ പെട്രോൾ പന്പുകൾ എന്നിവിടങ്ങളിൽ മുന്ന് ദിവസത്തേക്ക് കൂടി നിലവിലുള്ള 500, 1000 രൂപ നോട്ടുകൾ സ്വീകരിക്കും. 

വ്യഴാഴ്ച മുതൽ പുതിയ 500, 2000 രൂപ നോട്ടുകൾ റിസർവ്വ് ബാങ്ക് പുറത്തിറക്കും. കഴിഞ്ഞ രണ്ടര വർഷത്തിൽ കേന്ദ്രസർക്കാർ നടപടിയിലൂടെ ഒരുലക്ഷത്തിഇരുപത്തിഅയ്യായിരം കോടി രൂപയുടെ കള്ളപണ്ണം തിരിച്ച് പിടിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിൽ 500 രൂപ നോട്ടിന്‍റെ പ്രചാരത്തിൽ 76 ശതമാനവും 1000 രൂപയുടെ പ്രചാരണത്തിൽ 109 ശതമാനവും വര്‍ദ്ധനവുണ്ടായി. 

കള്ളപ്പണം അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥ ഇന്ത്യയുടെ ജി.ഡി.പിയുടെ 23.7 ശതമാനമാണെന്നാണ് ലോക ബാങ്ക് കണക്ക്. നിലവിൽ വലിയ നോട്ടുകളുടെ കെട്ടുകളായി കള്ളപ്പണം ഒളിപ്പിച്ചവർക്ക് കേന്ദ്രസർക്കരിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം കനത്ത തിരിച്ചടിയായി. 

ഒപ്പം ഭികരവാദികളുടെ കയ്യിലുള്ള കള്ളനോട്ടുകൾക്കും ഇനി കടലാസിന്‍റെ വില മാത്രം. സൈനികമേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കേന്ദ്രമന്ത്രിസഭാ യോഗം ചേർന്ന് ഈ സുപ്രധാന തീരുമാനമെടുത്ത്. തീരുമാനം പിന്നീട് രാഷ്ട്രപതിയെ ബോധിപ്പിക്കുകയും ചെയ്യും.