ദില്ലി: സ്വകാര്യവത്കരിക്കുന്നതോടെ എയര്‍ഇന്ത്യയ്ക്ക് നഷ്ടപ്രതാപം വീണ്ടെടുക്കുവാന്‍ സാധിക്കുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി ജയന്ത് സിന്‍ഹ. സ്വകാര്യമേഖലകള്‍ക്ക് കുറേക്കൂടി കാര്യക്ഷമമായി എയര്‍ലൈനുകളെ നയിക്കാന്‍ സാധിക്കും. എയര്‍ഇന്ത്യയുടെ ശുഭകരമായ ഭാവിയ്ക്ക് സ്വകാര്യവത്കരണമാണ് നല്ലത് മന്ത്രി പറഞ്ഞു.അടുത്ത ആറ്-എട്ട് മാസങ്ങള്‍ക്കുള്ളില്‍ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ കഴിവുള്ള മികച്ച സ്വകാര്യകമ്പനിയെ കണ്ടെത്തുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നും ജയന്ത് സിന്‍ഹ വ്യക്തമാക്കി. 

ലോകത്ത് എല്ലായിടത്തും സര്‍ക്കാരുകള്‍ എയര്‍ലൈന്‍ കമ്പനികളുടെ ഉടമസ്ഥതയില്‍ നിന്ന് പിന്മാറുകയാണ്. ബ്രിട്ടീഷ് എയര്‍വേഴ്‌സും ക്വാണ്ടസ് എയര്‍വേഴ്‌സുമെല്ലാം ഈ രീതിയില്‍ സര്‍ക്കാരുകള്‍ വിറ്റൊഴിഞ്ഞതാണ്. എന്നാല്‍ സ്വകാര്യവത്കരണത്തിന് ശേഷവും ഇവയെല്ലാം നന്നായി പ്രവര്‍ത്തിക്കുന്നു, കാരണം സ്വകാര്യ കമ്പനികള്‍ക്ക് എയര്‍ലൈന്‍ കമ്പനികളെ കൂടുതല്‍ നന്നായി മുന്നോട്ട് നയിക്കാന്‍ പറ്റും. 

പോയ മൂന്ന് വര്‍ഷത്തിനിടെ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റം വന്നിരുന്നുവെന്ന് മന്ത്രി പറയുന്നു. ഈ കാലയളവില്‍ പ്രവര്‍ത്തനലാഭം കണ്ടെത്തുവാന്‍ കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ എയര്‍ ഇന്ത്യയുടെ മൊത്തം കടം 50,890 കോടി രൂപയായിരുന്നു. ഈ കടത്തിന്റെ വാര്‍ഷിക പലിശ മാത്രം 5000 കോടിയോളം വരും മന്ത്രി ചൂണ്ടിക്കാട്ടി.