ജൂണില്‍ അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ചൊഴിഞ്ഞ ശേഷം സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. 

ദില്ലി: അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ച ഒഴിവില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനമെന്ന് വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹൈദരാബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ അസോസിയേറ്റ് പ്രൊഫസറും സെന്‍റര്‍ ഫോര്‍ അനലറ്റികില്‍ ഫിനാന്‍സ് ഏക്സിക്യൂട്ടീവ് ഡയറക്ടറുമാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. കഴിഞ്ഞ ജൂണില്‍ അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ചൊഴിഞ്ഞ ശേഷം സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. 

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റ് ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ ധനമന്ത്രാലയത്തില്‍ നടക്കുന്നതിനിടെയാണ് പുതിയ സാമ്പത്തിക ഉപദേഷ്ടാവിന്‍റെ വരവ്. കഴിഞ്ഞ നാല് വര്‍ഷവും ശക്തമായ സാമ്പത്തിക പരിഷ്കാരങ്ങളാണ് മോദിസര്‍ക്കാര്‍ ബജറ്റിലൂടെ ലക്ഷ്യമിട്ടതെങ്കില്‍ ഇക്കുറി ജനപ്രിയ ബജറ്റ് അവതരിപ്പിക്കാനാണ് ധനമന്ത്രി അരുൺ ജെയ്റ്റലിയുടെ ശ്രമം. 

ഐഐടിയിലും ഐഐഎമ്മിലും ഉന്നതവിദ്യാഭ്യാസം നേടിയിട്ടുള്ള കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം അമേരിക്കയിലെ ചിക്കാഗോയില്‍ നിന്നാണ് ഗവേഷണ ബിരുദം പൂര്‍ത്തിയാക്കിയത്. ബാങ്കിംഗ്-കോര്‍പറേറ്റ് ഗവര്‍ണന്‍സ് നയവിദ്ഗദ്ധൻ എന്ന നിലയില്‍ ആഗോളതലത്തില്‍ തന്നെ പ്രശസ്തനാണ് അദ്ദേഹം. ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സില്‍ അദ്ദേഹം എംബിഎ, പിഎച്ച്ഡി എന്നിവ പൂര്‍ത്തിയാക്കിയത് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന്‍ ലൂഗി സിഗാല്‍സിനും മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് രഘുറാം രാജനും കീഴിലാണ്.