മൊത്തം കണക്കെടുത്താല്‍ പ്രവര്‍ത്തനസജ്ജമായ 257 പൊതുമേഖലാ സ്ഥാപനങ്ങളും കൂടി 1,27,602 കോടി രൂപയുടെ ലാഭമാണ് ഉണ്ടാക്കിയിരിക്കുന്നത്. തൊട്ടുമുന്‍പത്തെ വര്‍ഷത്തേക്കാള്‍ 11.7 ശതമാനം അധികം വരുമിത്. 

ദില്ലി:കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നഷ്ടത്തില്‍ മുന്നില്‍ ബി.എ്.എന്‍.എല്‍, എയര്‍ഇന്ത്യ, എം.ടി.എന്‍.എല്‍ എന്നിവ. പാര്‍ലമെന്റില്‍ ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭനഷ്ടകണക്കുകള്‍ വ്യക്തമാക്കുന്നത്. 

2016-17 കാലത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തക്ഷമത അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 82 സ്ഥാപനങ്ങള്‍ നഷ്ടം നേരിടുന്നുണ്ട്. ഇതില്‍ ബി.എസ്.എന്‍.എല്‍, എയര്‍ഇന്ത്യ, എം.ടി.എന്‍.എല്‍ എന്നീ മൂന്ന് സ്ഥാപനങ്ങളും ചേര്‍ന്നാണ് മൊത്തം നഷ്ടത്തിന്റെ 55.66 ശതമാനവും ഉണ്ടാക്കിയിരിക്കുന്നത്. 

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി), കോള്‍ ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് ലാഭകണക്കില്‍ മുന്നില്‍. മൊത്തം പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭവിഹിതത്തിന്റെ 53 ശതമാനവും ഈ മൂന്ന് സ്ഥാപനങ്ങളും കൂടിയാണ് സൃഷ്ടിക്കുന്നത്. ഏറ്റവും ലാഭമുണ്ടാക്കുന്ന പത്ത് പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടികയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയവും മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സും ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നഷ്ടത്തിലായിരുന്ന ഹിന്ദുസ്ഥാന്‍ കേബിള്‍സ്, ബെല്‍, ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ വെസ്റ്റേണ്‍ കോല്‍ഫില്‍ഡ്‌സ്, എസ്.ടി.സി.എല്‍, എയര്‍ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വീസസ്, ബ്രഹ്മപുത്ര ക്രാകേഴ്‌സ്, പോളിമര്‍ ലിമിറ്റഡ് എന്നിവ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കുന്ന പത്ത് സ്ഥാപനങ്ങളുടെ പട്ടികയിലെത്തുകയും ചെയ്തു. 

മൊത്തം കണക്കെടുത്താല്‍ പ്രവര്‍ത്തനസജ്ജമായ 257 പൊതുമേഖലാ സ്ഥാപനങ്ങളും കൂടി 1,27,602 കോടി രൂപയുടെ ലാഭമാണ് ഉണ്ടാക്കിയിരിക്കുന്നത്. തൊട്ടുമുന്‍പത്തെ വര്‍ഷത്തേക്കാള്‍ 11.7 ശതമാനം അധികം വരുമിത്.