അഞ്ച് അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിന് ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ ബാങ്ക് ജീവനക്കാരുടെ സംഘടന പ്രതിഷേധം ശക്തമാക്കുകയാണ്. ലയനത്തിനെതിരെ സേവ് എസ്.ബി.ടി ഫോറം നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനീര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ്‍ ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിലയാണ് എസ്.ബി.ഐയുമായി ലയിപ്പിക്കുന്നത്. 

കേരളത്തിലും തമിഴ്നാട്ടിലുമായി എസ്.ബി.ടിക്ക് 850ഉം 176ഉം ശാഖകളുണ്ട്. ലയനം നടപ്പായാല്‍ കേരളത്തില്‍ 204 ശാഖകള്‍ പൂട്ടേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. തമിഴ്നാട്ടിലെ 59 ശാഖകളും അടച്ചിടേണ്ടി വരും. പൂട്ടേണ്ടിവരുന്ന ശാഖകളിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ ബാങ്ക് ജീവനക്കാരുടെ തീരുമാനം.