ഖത്തര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് കരിപ്പുര്‍ വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനയുണ്ടായി. ഖത്തറിലേക്ക് യു.എ.ഇ അടക്കമുള്ള
രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഇല്ലാതായതോടെ കരിപ്പുരില്‍ നിന്നുള്ള പച്ചക്കറി കയറ്റുമതി ഇരട്ടിയാവുകയായിരുന്നു.
നേരത്തെ നാലു ടണ്ണില്‍ താഴെ മാത്രമായിരുന്ന പ്രതിദിന പച്ചക്കറി കയറ്റുമതി ഖത്തര്‍ പ്രതിസന്ധിയോടെ ഈ മാസം എട്ടാം തീയ്യതി മുതല്‍ 15 ടണ്‍ വരെയായി ഉയര്‍ന്നു. കരിപ്പുരില്‍നിന്നും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഇല്ലാത്തതുകാരണം കൊച്ചി വിമാനത്താവളത്തെക്കൂടി മലബാറിലെ കച്ചവടക്കാര്‍ ആശ്രയിക്കുന്നുണ്ട്. ഇതും കൂടി ചേരുമ്പോള്‍ ഖത്തറിലേക്കുള്ള മൊത്തം കയറ്റുമതി 65 ടണ്ണിലധികമായി ഉയരും. തേങ്ങ, ചെറുനാരങ്ങ,മാങ്ങ, പച്ചക്കറികള്‍, സവാള എന്നിവയാണ് കരിപ്പുരില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്. ഖത്തര്‍ എയര്‍വേയ്സ്, എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്സ് എന്നീ വിമാനക്കമ്പനികളാണ് ഗള്‍ഫിലേക്ക് പച്ചക്കറി കൊണ്ടുപോകുന്നത്‍. ഇപ്പോഴത്തെ പ്രതിസന്ധിയെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് ഒഴികെയുള്ള വിമാനക്കമ്പനികള്‍ കയറ്റുമതി നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ആവശ്യം ഉയര്‍ന്നതോടെ കരിപ്പുരില്‍ പായ്ക്ക് ചെയ്യുന്ന പച്ചക്കറികള്‍ മംഗലാപുരം വിമാനത്താവളം വഴിയും കയററുമതി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
