ജിഎസ്ടിയുടെ മറവില്‍ നിര്‍മാണ സാമഗ്രഹികള്‍ക്ക് കുത്തനെ വില ഉയര്‍ത്തി ക്വാറി ഉടമകളുടെ കള്ളക്കളി. പാറപ്പൊടി, മെറ്റല്‍ തുടങ്ങിയവയ്‌ക്കെല്ലാം കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ഇരട്ടിയിലധികം വില വര്‍ദ്ധിച്ചു. ഇതോടെ സാധാരണക്കാരന് വീടെന്ന സ്വപ്നം അന്യമാവുകയാണ്.

നേരത്തെ 150 അടി വരുന്ന ഒരു ടിപ്പര്‍ ക്വാറിപ്പൊടി 5000 രൂപക്ക് ലഭിച്ചിരുന്നെങ്കില്‍ ഇന്നതിന് 8,500 രൂപ നല്‍കണം. 18 രൂപയുണ്ടായിരുന്ന ഒരടി മെറ്റലിന് ഇന്ന് വില 33 രൂപ രൂപയാണ്. അഞ്ച് ശതമാനം ജി.എസ്.ടി കൂട്ടിയാലും ഈ വിലവര്‍ദ്ധന ന്യായീകരിക്കാനാവില്ലെന്ന് കരാറുകാര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാരിലേക്ക് അടക്കേണ്ട റോയല്‍റ്റി അടക്കമുള്ള ഫീസ് വര്‍ദ്ധിച്ചതാണ് വില വര്‍ദ്ധനയ്‌ക്ക് കാരണമായി ക്വാറി ഉടമകള്‍ പറയുന്നത്. നിര്‍മാണ സാമഗ്രഹികള്‍ക്ക് വില നിര്‍ണയിക്കുന്നതിന് കൃത്യമായ മാനദണ്ഡമില്ലാത്തതാണ് വില അടിക്കടി കൂടാന്‍ കാരണം. ഇക്കാര്യത്തില്‍ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സാധാരണക്കാരന്‍റെ വീട് സ്വപ്നമായി തന്നെ തുടരും.