ന്യൂ ഡല്‍ഹി: കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് 5,636 കോടിയുടെ വൈദ്യതി ലാഭിക്കാന്‍ കഴിഞ്ഞുവെന്ന് റെയില്‍വെ അവകാശപ്പെട്ടു. 2015 ഏപ്രില്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള കണക്കുകളാണ് ഇന്ന് റെയില്‍വെ പുറത്തുവിട്ടത്. അടുത്ത 10 വര്‍ഷം കൊണ്ട് വൈദ്യുതി ഇനത്തില്‍ മാത്രം 41,000 കോടിയുടെ ലാഭമുണ്ടാക്കാനാണ് റെയില്‍വെയുടെ ലക്ഷ്യം.

വൈദ്യുതി ഉല്‍പ്പാദകരില്‍ നിന്ന് ഓപ്പണ്‍ അക്സസ് വ്യവസ്ഥയില്‍ നേരിട്ട് വൈദ്യുതി വാങ്ങിയത് വഴിയാണ് റെയില്‍വെയ്ക്ക് ഇത്രയും തുക ലാഭിക്കാനായത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ലാഭം 6,927 കോടിയാവും. നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ 1000 കോടിയോളം കൂടുതലാണിത്. 2003ലെ വൈദ്യുതി നിയമം അനുസരിച്ച് ഒരു മെഗാവാട്ടില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് വിപണിയില്‍ നിന്ന് സ്വന്തം നിലയ്ക്ക് വൈദ്യുതി വാങ്ങി ഉപയോഗിക്കാന്‍ കഴിയും. ഈ അവസരം ഉപയോഗപ്പെടുത്തി കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് റെയില്‍വെ ലാഭമുണ്ടാക്കിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഹരിയാന, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലും ദാമോദര്‍ വാലി കോര്‍പറേഷനിലുമാണ് ഇങ്ങനെ ഓപ്പണ്‍ ആക്സസ് രീതിയില്‍ റെയില്‍വെ വൈദ്യുതി എത്തിക്കുന്നത്. ഇതിന് പുറമെ ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലും ഇതേ രീതി ഉടന്‍ പ്രാവര്‍ത്തികമാവും.

ഇത്തരത്തില്‍ 2015 മുതല്‍ 2025 വരെ 41,000 കോടിയുടെ വൈദ്യുതി ലാഭമുണ്ടാക്കാന്‍ കഴിയുമെന്നാണ് റെയില്‍വെയുടെ പ്രതീക്ഷ. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് ആകെ ആവശ്യമുള്ള 2000 മെഗാവാട്ടില്‍ 1000 മെഗാവാട്ടോളം ഓപ്പണ്‍ അക്സസ് രീതിയിലാണ് കൊണ്ടുവരുന്നത്. യൂണിറ്റിന് ശരാശരി ഏഴ് രൂപയ്ക്ക് വാങ്ങിയിരുന്ന വൈദ്യുതി ഇതുമൂലം അഞ്ച് രൂപയ്ക്ക് വാങ്ങാന്‍ കഴിയും.