ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം റെയിൽവെ ടിക്കറ്റ് റദ്ദാക്കൽ ചാർജ് ഇനത്തിൽ റെയിൽവെക്ക് 1400 കോടി രൂപയുടെ വരുമാനം. ഇതിന് തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിൻ്റെ വർധനയാണിത്. 2015 മുതൽ കാൻസലേഷൻ ചാർജ് ഇരട്ടിയാക്കിയതാണ് ഇൗ ഇനത്തിലുള്ള വരുമാന വർധനവിന് കാരണമെന്നാണ് കരുതുന്നത്. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ റെയിൽവെ സഹമന്ത്രി രജൻ ഗൊഹയിൻ ആണ് ഇക്കാര്യം അറിയിച്ചത്.
2015ലെ റെയിൽവെ പാസഞ്ചർ ചട്ടപ്രകാരമാണ് യാത്രക്കാരിൽ നിന്ന് റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് കാൻസലേഷൻ ചാർജ് ഇൗടാക്കുന്നത്. വ്യവസ്ഥകൾക്ക് വിധേയമായി യാത്ര നിരക്ക് തിരികെ നൽകാനും ചട്ടത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ കാൻസലേഷൻ ചാർജ് തിരികെ നൽകാൻ ചട്ടപ്രകാരം വ്യവസ്ഥയില്ലെന്ന് മന്ത്രി പറഞ്ഞു. ദക്ഷിണ-മധ്യ റെയിൽവെ 2016 -17ൽ റിസർവ് ചെയ്ത ടിക്കറ്റുകളുടെ ക്ലറിക്കൽ ചാർജ് ഇനത്തിൽ 103.27 കോടി രൂപ നേട്ടമുണ്ടാക്കിയതായും മന്ത്രി പറഞ്ഞു. 2015 നവംബർ മുതൽ മുമ്പുള്ള ഉറപ്പായ 3 എ.സി ടിക്കറ്റുകളുടെ കാൻസലേഷൻ ചാർജ് 90 രൂപയിൽ നിന്ന് 180 ആക്കി ഉയർത്തിയിരുന്നു. 2 എ.സി ടിക്കറ്റുകളുടെത് 100 രൂപയിൽ നിന്ന് 200 ആയും ഉയർത്തിയിരുന്നു. ഉറപ്പായ സ്ലീപ്പർ ക്ലാസുകളുടെ കാൻസലേഷൻ ചാർജ് ഇരട്ടിയാക്കുകയും ചെയ്തിരുന്നു. സെക്കൻഡ് ക്ലാസ് ടിക്കറ്റുകളുടെ ചാർജ് 30 രൂപയിൽ നിന്ന് 60 ആക്കി വർധിപ്പിക്കുകയും ചെയ്തിരുന്നു. പുതിയ ചട്ടപ്രകാരം ട്രെയിൻ പുറപ്പെട്ടുകഴിഞ്ഞാൽ ടിക്കറ്റ് തുക തിരികെ ലഭിക്കാൻ വ്യവസ്ഥയില്ല.
