ദില്ലി: യാത്രയ്ക്കൊരുങ്ങുമ്പോള്‍ കൈയ്യില്‍ പണമില്ലെന്ന് കരുതി പിന്‍വാങ്ങുന്നവര്‍ക്കായി ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ സംവിധാനം വരുന്നു. ടിക്കറ്റ് ആവശ്യമുള്ളപ്പോള്‍ എടുക്കാനും യാത്ര കഴിഞ്ഞ് പതുക്കെ പണം നല്‍കാനുമുള്ള സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്‍ നടപ്പാക്കുന്നത്.

എല്ലാ എക്സ്‍പ്രസ് ട്രെയിനുകളിലും ഇങ്ങനെ ടിക്കറ്റെടുക്കാന്‍ കഴിയും. ഐ.ആര്‍.സി.ടി.സിയുടെ വെബ്സൈറ്റില്‍ ഇതിനുള്ള സംവിധാനം ഒരുക്കും. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-പേ ലേറ്റര്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഇത് യാഥാര്‍ത്ഥ്യമാക്കുന്നത്. യാത്ര ചെയ്യുന്നതിന് അഞ്ച് ദിവസം മുമ്പ് ഇങ്ങനെ ടിക്കറ്റെടുക്കാം. അടുത്ത 14 ദിവസത്തിനകം പണം നല്‍കിയാല്‍ മതി. ടിക്കറ്റ് തുകയുടെ 3.5 ശതമാനം തുക സര്‍വ്വീസ് ചാര്‍ജ് ഈടാക്കും. 

ക്രെഡിറ്റ് റേറ്റായ സിബില്‍ സ്കോര്‍ പരിഗണിച്ച് നിലവില്‍ ക്രെ‍ഡിറ്റ് കാര്‍ഡ് നല്‍കുന്നത് പോലുള്ള സംവിധാനമാണിതെന്നും ഐ.ആര്‍.സി.ടി.സി വക്താവ് അറിയിച്ചു. അതുകൊണ്ടുതന്നെ ആവശ്യമുള്ളവര്‍ പേര്, വിലാസം, ഇ-മെയില്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍, പാന്‍ അല്ലെങ്കില്‍ ആധാര്‍ വിവരങ്ങള്‍ തുടങ്ങിയവ നല്‍കണം. ഇവ പരിശോധിച്ച ശേഷമായിരിക്കും പണം നല്‍കാതെ ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനം അക്കൗണ്ടുകളില്‍ ലഭ്യമാക്കുന്നത്. വണ്‍ ടൈം പാസ്‍വേഡ് ഉപയോഗിച്ചായിരിക്കും രജിസ്ട്രേഷനെന്നും ഐ.ആര്‍.സി.ടി.സി അറിയിച്ചു.