ദില്ലി: രാജ്യത്താകമാനം ഏകീകൃത നികുതി സമ്പ്രദായം ഏര്‍പ്പെടുത്തുന്ന ചരക്കു സേവന നികുതി(ജിഎസ്‌ടി) ബില്‍ രാജ്യസഭ പാസാക്കി. ഒമ്പതു ഭേദഗതി നിര്‍ദേശങ്ങളോടെയുള്ള ബില്‍ ലോക്‌സഭയില്‍ വീണ്ടും അവതരിപ്പിച്ച് അംഗീകാരം നേടും.

ജിഎസ്‌ടി ബില്‍ യാഥാര്‍ഥ്യമാകുന്നതോടെ ഉത്പന്നങ്ങള്‍ക്ക് ഒറ്റ നികുതി മാത്രമേ ഈടാക്കൂ. കേരളം അടക്കമുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് വലിയ നേട്ടമാകും ഇത്. സംസ്ഥാനങ്ങളിലെ വിനിമയങ്ങള്‍ക്കു സംസ്ഥാനങ്ങളും അന്തര്‍ സംസ്ഥാന ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാറും നികുതി ഈടാക്കും. ഇപ്രകാരം കേന്ദ്ര പിരിക്കുന്ന നികുതിയുടെ ഒരു വിഹിതം സംസ്ഥാനത്തിനു നല്‍കും.

പരമാവധി നികുതി നിരക്ക് 18 ശതമാനമാക്കി നിജപ്പെടുത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി. ആറു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ വോട്ടെടുപ്പിനുശേഷമാണു ബില്ല് പാസായത്. ജിഎസ്‌ടിക്കായുള്ള ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവരുമ്പോള്‍ പണ ബില്ലായി കൊണ്ടുവരരുതെന്ന കോണ്‍ഗ്രസിന്റെ ആവശ്യവും അരുണ്‍ ജെയ്റ്റ്‌ലി തള്ളി. 

സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതടക്കം ഒമ്പതു ഭേദഗതി നിര്‍ദേശങ്ങളോടെയാണു ബില്ല് രാജ്യസഭ പാസാക്കിയത്. അന്തര്‍ സംസ്ഥാന വാണിജ്യ കേന്ദ്രത്തില്‍ ഒരു ശതമാനം അധിക നികുതി എന്ന നിര്‍ദേശം ഇല്ലാതാക്കുന്നതടക്കമുള്ളതാണു ഭേദഗതി.

രാജ്യസഭ പാസാക്കിയ ബില്ല് വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയായേല നിയമമാകൂ. പാര്‍ലമെന്റില്‍ നേരത്തെ ജിഎസ്‌ടി ബില്ല് പാസാക്കിയിരുന്നെങ്കിലും രാജ്യസഭ ഭേദഗതി കൊണ്ടുവന്നതിനാലാണിത്. പാര്‍ലമെന്റ് ബില്ല് പാസാക്കിയതിനുശേഷം രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങള്‍ ബില്ലിന് അംഗീകാരം നല്‍കിയാല്‍ വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ ജിഎസ്‌ടി പ്രാബല്യത്തില്‍വരും.