യാത്രക്കാരോട് മോശമായി പെരുമാറുന്ന കമ്പനിയെന്ന ദുഷ്പേര് ബജറ്റ് എയര്‍ലൈനായ ഇന്റിഗോയെ വിട്ടൊഴിയുന്നില്ല. പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്രന്‍ ഗുഹയാണ് ട്വിറ്റര്‍ വഴി ഇന്റിഗോയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഒരാഴ്ചക്കിടെ മൂന്ന് തവണ താന്‍ ഇന്റിഗോ വിമാന ജീവനക്കാരുടെ മോശം പെരുമാറ്റത്തിന് ഇരയായി. പല വ്യക്തികളും പല വിമാനത്താവളങ്ങളുമാണെങ്കിലും ഒരേ എയര്‍ലൈല്‍ നിന്ന് മോശം പെരുമാറ്റമുണ്ടാകുന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഗതിയില്‍ ഒരു ഉപഭോക്താവെന്ന നിലയില്‍ പരാതി പറയാന്‍ താന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാറില്ല. എന്നാല്‍ ഒരാഴ്ചക്കിടെ മൂന്ന് തവണ ഇത്തരം അനുഭവമുണ്ടായപ്പോള്‍ പ്രതികരിച്ചതാണ്. ഇന്റിഗോ വിമാന ജീവനക്കാരുടെ മോശം പെരുമാറ്റത്തിന് തന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം സാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഒരു യാത്രക്കാരനെ ഇന്റിഗോ വിമാനത്തില്‍ വലിച്ചിഴക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നീട് കമ്പനി മാപ്പുപറഞ്ഞു. ഈ സംഭവത്തില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Scroll to load tweet…