നോട്ടുനിരോധനത്തെ തുടര്‍ന്ന് ഉടലെടുത്ത പണ പ്രതിസന്ധി മറികടക്കുന്നതിനാണ് ഡിജിറ്റല്‍ പണമിടുപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇളവു പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടായിരം രൂപ വരെയുള്ള ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളെ കേന്ദ്ര സര്‍ക്കാര്‍ സേവന നികുതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. കാര്‍ഡുകളും ഇ വാലറ്റും ഉപയോഗിച്ച് ഇന്ധനം വാങ്ങൂന്നവര്‍ക്ക് .75 ശതമാനം ഇളവും പ്രഖ്യാപിച്ചു. നോട്ടുകള്‍ക്ക് പകരം ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതലായി ഉപയോഗിക്കുന്നതിനായിരുന്നു ഈ ഇളവുകള്‍. എന്നാലിത് ബാങ്കുകള്‍ക്കു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് എന്നാണ് റിസര്‍വ് ബാങ്കിന്റെ നിഗമനം. 

74 കോടി ഡെബിറ്റ് കാര്‍ഡുകളും 2. 7 കോടി ക്രെഡിറ്റ് കാര്‍ഡുകളുമാണ് രാജ്യത്ത് ഉപയോഗത്തിലുള്ളത്. ഇതില്‍നിന്നുള്ള വരുമാനം ഒറ്റയടിക്ക് ബാധിക്കുന്നത് ബാങ്കുകളുടെ മുന്നോട്ടുപോക്കിനെ പ്രതിസന്ധിയിലാക്കുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി പറഞ്ഞു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന 15 ലക്ഷം പി.ഒ.എസ് മെഷീനുകളാണ് രാജ്യത്തുള്ളത്. മൂന്നു മാസത്തിനുള്ളില്‍ 10 ലക്ഷം മെഷീനുകള്‍ കൂടി കടകളിലെത്തും. നിലവിലുള്ളതില്‍നിന്നുള്ള വരുമാനം കുറയുകയും പത്തു ലക്ഷം മെഷീനുകള്‍ സൗജന്യമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട അവസ്ഥ ബാങ്കുകളുടെ സ്ഥിതി അവതാളത്തിലാക്കുമെന്നും റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ പറയുന്നു. എസ്.ബി.ഐയും ഐസിഐസിയുവും സമാനമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.