മുംബൈ: ഉപഭോക്താക്കള്‍ കൊണ്ടുവരുന്ന കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ മടക്കി നല്‍കരുതെന്ന് റിസര്‍വ് ബാങ്ക്, രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. കീറിയ നോട്ടുകള്‍ പല ബാങ്കുകളും സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ വീണ്ടും സര്‍ക്കുലര്‍ പുറത്തിറക്കിയത്. പൊതുമേഖലാ ബാങ്കുകള്‍ക്ക് മാത്രമല്ല സ്വകാര്യ ബാങ്കുകള്‍ക്കും മറ്റ് പണമിടപാട് സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം ബാധകമാണ്.
റിസര്‍വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് പോളിസി അനുസരിച്ച് പഴകിയതും മുഷിഞ്ഞതും കീറിയതുമായ നോട്ടുകളുമായി വരുന്ന ഉപഭോക്താക്കളെ മടക്കി അയക്കാന്‍ പാടില്ല. അവ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അനുവദിക്കണം. നോട്ടുകള്‍ക്ക് മുകളില്‍ ഒന്നും എഴുതരുതെന്നും ബാങ്ക് ജീവനക്കാരോടും പൊതു ജനങ്ങളോടും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എഴുത്തുകളുള്ള നോട്ടുകള്‍ ബാങ്കില്‍ ലഭിച്ചാല്‍ അവ സ്വീകരിക്കണം. എന്നാല്‍ അവ പിന്നീട് മറ്റുള്ളവര്‍ക്ക് തിരികെ നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്. കീറിയ നോട്ടുകള്‍ ബാങ്ക് കൗണ്ടറുകളില്‍ നിന്ന് മാറ്റിയെടുക്കുന്നതിനുള്ള നടപടികളും റിസര്‍വ് ബാങ്ക് നേരത്തെ ലളിതമാക്കിയിരുന്നു.
