ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു സെപ്റ്റംബറില്‍ രഘുറാം രാജന്‍ പടിയിറങ്ങിയേക്കും. കാലാവധി പൂര്‍ത്തിയായശേഷം രാജന്‍ സ്ഥാനം രാജിവയ്ക്കാന്‍ സാധ്യത. എന്നാല്‍, രഘുറാം രാജന്‍ തുടരണമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു താത്പര്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആനന്ദ് ബസാര്‍ പത്രികയ്ക്കു നല്‍കിയ അഭിമുഖത്തിലാണു സെപ്റ്റംബറോടെ താന്‍ സേവനം അവസാനിപ്പിക്കുമെന്നു രഘുറാം രാജന്‍ സൂചന നല്‍കിയത്. കാലാവധി പൂര്‍ത്തിയാക്കിയശേഷം താന്‍ അമേരിക്കയിലേക്കു പോകും. ഇന്ത്യന്‍ സമ്പ‌ദ്‌വ്യവസ്ഥ സംബന്ധിച്ച് യുഎസിലെ സര്‍വകലാശാലയില്‍ ഗവേഷണം നടത്തുകയാണ് അടുത്ത ലക്ഷ്യമെന്നും അഭിമുഖത്തില്‍ രാജന്‍ പറയുന്നു.

രഘുറാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ടു സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്ത് നല്‍കിയിരുന്നു. എന്നാല്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടക്കമുള്ളവര്‍ രാജന് അനുകൂലമായ നിലപാടിലാണ്.