കേന്ദ്ര സര്‍ക്കാര്‍ 100, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചശേഷം നടക്കുന്ന ആദ്യ വായ്പാനയ അവലോകനയോഗമാണ് ഇന്നത്തേത്. പുതിയ സാഹചര്യത്തില്‍ ഡിസംബര്‍ 31നകം നാലു ലക്ഷം കോടി രൂപയെങ്കിലും ബാങ്കുകളില്‍ അധിക നിക്ഷേപമായി വരുമെന്നാണ് സൂചന. വായ്പാവിതരണം ഊര്‍ജജിതമാക്കേണ്ട സാഹചര്യം ബാങ്കുകള്‍ക്കു മുന്നില്‍ ഇപ്പോഴുണ്ട്. ഇതിനാല്‍ റിപ്പോ നിരക്കില്‍ കാര്യമായ കുറവു വരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായേക്കും. കാല്‍ ശതമാനമോ അതിനു മുകളിലോ കുറയാന്‍ സാദ്ധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

 സാധാരണക്കാരുടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഇതോടെ കുറഞ്ഞേക്കും. നിലവില്‍ ആറര ശതമാനമാണ് റിപ്പോ നിരക്ക്. 2015 മാര്‍ച്ചിനു ശേഷം റിപ്പോ നിരക്കില്‍ പല ഘട്ടങ്ങളിലായി ഒന്നേ മുക്കാല്‍ ശതമാനത്തിന്റെ കുറവ് ആര്‍.ബി.ഐ വരുത്തിയിരുന്നു. അതേ സമയം ഇയതിന്റെ പ്രയോജനം വായ്പകളില്‍ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറായിരുന്നില്ല. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റ ഭാഗത്തുനിന്ന് കര്‍ശന നിര്‍ദേശവും ഉണ്ടാവുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഊര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്കിന്റെ തലപ്പത്ത് എത്തിയ ശേഷമുള്ള രണ്ടാമത്തെ ധനസമിതി യോഗമാണ് ഇന്ന് ചേരുന്നത്.