ദില്ലി: നോട്ട് അസാധുവാക്കലിന് ശേഷം തിരികെയെത്തിയ നോട്ടുകള്‍ എന്ന് എണ്ണിത്തീരുമെന്ന് പറയാനാവില്ലെന്ന് റിസര്‍വ് ബാങ്കിന്റെ വിശദീകരണം. 59 യന്ത്രങ്ങള്‍ ഉപയോഗിച്ച് നോട്ടുകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ എണ്ണിക്കൊണ്ടിരിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് പറയുന്നുണ്ടെങ്കിലും ഇത് എവിടെയാണ് നടക്കുന്നതെന്ന് വെളിപ്പെടുത്തുന്നില്ല.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം 2016 നവംബറില്‍ പുറത്തുവന്നിട്ട് ഇപ്പോള്‍ 15 മാസം പിന്നിട്ടിരിക്കുന്നു. ഇതുവരെയും തിരികെയെത്തിയ നോട്ടുകള്‍ കൃത്യമായി എണ്ണി തിട്ടപ്പെട്ടുത്തിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട നോട്ടുകളുടെ കൃത്യമായ മൂല്യം കണക്കാക്കുന്നതിനും വ്യാജനോട്ട് കണ്ടെത്തുന്നതിനുമാണ് ഇപ്പോഴും പരിശോധന തുടരുന്നത്. വിവരാകാശ നിയമ പ്രകാരം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയിലാണ് ഈ മറുപടി ലഭിച്ചത്. റിസര്‍വ് ബാങ്കിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തിലെ റിപ്പോര്‍ട്ട് അനുസരിച്ച് 15.28 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരികെയെത്തിയിരുന്നു.
